ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി ഉത്പാദകർക്ക് നൽകുന്ന കൽക്കരിയുടെ അളവ് അടിയന്തരമായി വർധിപ്പിക്കാൻ കോൾ ഇന്ത്യ ലിമിറ്റഡിനോട് (സിഐഎൽ) കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
ദുർഗാപൂജ സമയത്ത് വൈദ്യുതി ഉൽപാദകർക്ക് നൽകുന്ന കൽക്കരിയുടെ അളവ് പ്രതിദിനം 1.55-1.6 ദശലക്ഷം ടൺ (എംടി) ആയി വർദ്ധിപ്പിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള കോൾ ഇന്ത്യ ലിമിറ്റഡിനോട് (സിഐഎൽ) സർക്കാർ ആവശ്യപ്പെട്ടതായാണ് വിവരം. ഒക്ടോബർ ഇരുപതിന് ശേഷം പ്രതിദിനം 1.7 മെട്രിക് ടൺ ആയി ഇത് വർദ്ധിപ്പിക്കാനും സർക്കാർ ആവശ്യപ്പെട്ടു.
ഉത്സവ സീസൺ ആരംഭിച്ചിരിക്കുന്ന സമയത്ത് രാജ്യത്തെ വൈദ്യുത നിലയങ്ങൾ കൽക്കരിക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ ഈ നടപടി പ്രാധാന്യമർഹിക്കുന്നു.
“ഇന്നലെ (തിങ്കളാഴ്ച), ഡൽഹിയിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു, പൂജ സമയത്ത് പ്രതിദിനം 1.55-1.6 ദശലക്ഷം ടൺ കൽക്കരി വിതരണം ചെയ്യാൻ കോൾ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഒക്ടോബർ 20 ന് ശേഷം, പൊതുമേഖലാ സ്ഥാപനം പ്രതിദിനം 1.7 മെട്രിക് ടൺ വിതരണം ചെയ്യേണ്ടതാണ്,” എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
തിങ്കളാഴ്ച വൈദ്യുതി മേഖലയിലേക്ക് സിഐഎൽ വഴിയുള്ള കൽക്കരി വിതരണം 1.615 മെട്രിക് ടൺ ആയിരുന്നു.
Also Read: വൈദ്യുതി മേഖലയിലെ ‘ഒക്ടോബര് പ്രതിസന്ധി’ക്ക് കാരണമെന്ത്? അറിയാം ഇക്കാര്യങ്ങള്
മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ 69 ശതമാനവും കൽക്കരി അടിസ്ഥാനമാക്കിയുള്ള രാജ്യത്ത് വൈദ്യുതി മേഖലയിൽ കോൾ ഇന്ത്യയുടെ സ്വാധീനം നിർണായകമാണ്. സിഐഎല്ലിന്റെ മൊത്തം വിതരണത്തിന്റെ 80 ശതമാനവും വൈദ്യുതി മേഖലയ്ക്കാണ് നൽകുന്നതെന്ന് കമ്പനിയുടെ സമീപകാല റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ നാല് ദിവസങ്ങളിൽ രാജ്യത്തൊട്ടാകെയുള്ള വൈദ്യുതി ഉൽപാദന സംവിധാനങ്ങളിലേക്കുള്ള കൽക്കരി വിതരണം പ്രതിദിനം 1.51 ദശലക്ഷം ടൺ (എംടി) ആയി ഉയർത്തിയതായി സിഐഎൽ തിങ്കളാഴ്ച പറഞ്ഞിരുന്നു.
പ്രതിദിനം ശരാശരി 1.43 മെട്രിക് ടൺ കൽക്കരി വൈദ്യുത നിലയങ്ങളിലേക്ക് വിതരണം ചെയ്തതായി ഒക്ടോബറിൽ ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ഇത് 1.51 മെട്രിക് ടണ്ണായി വർദ്ധിപ്പിച്ചുവെന്നും കണക്കുകളിൽ പറയുന്നു.
Also Read: വൈദ്യുതി പ്രതിസന്ധി: കൽക്കരി, വൈദ്യുതി മന്ത്രിമാരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി