/indian-express-malayalam/media/media_files/2025/12/16/nrega-2025-12-16-08-12-26.jpg)
എൻആർഇജിഎയിൽ സമഗ്ര മാറ്റം
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടായി രാജ്യത്ത് നിലനിൽക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കാതലായ മാറ്റങ്ങൾ വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതിയുടെ പേര് മാറ്റുന്നതിനൊപ്പം സംസ്ഥാനങ്ങൾക്ക് 40 ശതമാനം സാമ്പത്തിക ബാധ്യത കൈമാറുന്നതുമുൾപ്പെടെയുള്ള നിർണ്ണായക നിർദ്ദേശങ്ങളാണ് പുതിയ ബില്ലിലുള്ളത്.
Also Read:തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവർക്ക് ഓണത്തിന് 1,000 രൂപ നൽകാൻ ഉത്തരവ്
വികസിത് ഭാരത് മിഷൻ 2005-ലെ എം.ജി.എൻ.ആർ.ഇ.ജി.എ നിയമം പിൻവലിച്ചുകൊണ്ട് വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവ മിഷൻ (ഗ്രാമീൺ) ബിൽ, 2025 എന്ന പുതിയ ബില്ലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു വർഷം ലഭിക്കുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം നിലവിലെ 100-ൽ നിന്ന് 125 ആയി ഉയർത്തുമെന്നാണ് ബില്ലിലെ പ്രധാന സവിശേഷതകളിലൊന്ന്.
Also Read:പഹൽഗാം ഭീകരാക്രമണ കേസ്: കുറ്റപത്രം സമർപ്പിച്ച് എൻഐഎ
അതേസമയം, കഴിഞ്ഞ 20 വർഷമായി പദ്ധതിയിലെ വേതന ചെലവ് പൂർണ്ണമായും കേന്ദ്രമാണ് വഹിച്ചിരുന്നത്. എന്നാൽ പുതിയ ബിൽ പ്രകാരം വലിയ സംസ്ഥാനങ്ങൾ പദ്ധതി ചെലവിന്റെ 40 ശതമാനം വഹിക്കേണ്ടി വരും. 11 വടക്കുകിഴക്കൻ, മലയോര സംസ്ഥാനങ്ങൾ 10 ശതമാനം വഹിച്ചാൽ മതിയാകും. കേന്ദ്രഭരണ പ്രദേശങ്ങളുടെ ചെലവ് പൂർണ്ണമായും കേന്ദ്രം തന്നെ വഹിക്കും.
കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനായി, വിതയ്ക്കുന്ന സമയത്തും കൊയ്ത്തുകാലത്തും തൊഴിലുറപ്പ് ജോലികൾ നിർത്തിവെയ്ക്കും. വർഷത്തിൽ 60 ദിവസം വരെ ഇത്തരത്തിൽ തൊഴിൽ നൽകില്ല. ഈ കാലയളവ് സംസ്ഥാന സർക്കാരുകൾക്ക് മുൻകൂട്ടി നിശ്ചയിക്കാമെന്നും ബില്ലിൽ പറയുന്നു.
Also Read:നിലവിലെ മാധ്യമ പ്രവർത്തനം ദൗർഭാഗ്യകരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നതിന് അനുസരിച്ച് ലേബർ ബജറ്റ് തയ്യാറാക്കുന്ന രീതി മാറും. പകരം, കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഇനി ഓരോ വർഷവും സംസ്ഥാനങ്ങൾക്കുള്ള വിഹിതം തീരുമാനിക്കുക.
പുതിയ മാറ്റങ്ങൾ നടപ്പിലാകുന്നതോടെ സംസ്ഥാനങ്ങൾക്ക് വർഷം തോറും ഏകദേശം 30,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് (പശ്ചിമ ബംഗാൾ ഒഴികെ). ഗ്രാമീണ മേഖലയിലെ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾ കണക്കിലെടുത്താണ് പദ്ധതി പരിഷ്‌കരിക്കുന്നതെന്ന് ബില്ലിന്റെ ആമുഖത്തിൽ മന്ത്രി വ്യക്തമാക്കുന്നു.
Read More: 'പുസ്തകം അത് എടുത്ത് വായിക്കുന്ന ഒരാൾക്കുള്ളതാണ്'; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us