ന്യൂഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സവാള കയറ്റുമതി ചെയ്യരുതെന്നാണ് ഉത്തരവ്.
നിരോധനം ഉടനടി നടപ്പിലാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സവാളയുടെ വിലയില്‍ 80 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ വൻതോതിൽ വിള നശിച്ചതാണു സവാളയുടെ വില കുത്തനെ ഉയർത്തിയത്.
Read More: ഉള്ളിക്കിപ്പോ എന്താ വില! ട്രോളി സോഷ്യല്‍ മീഡിയയും
കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ താരതമ്യേന ഇരട്ടി വിലയാണ് ഉള്ളിക്ക് വിപണിയിലുള്ളത്. ഡല്‍ഹി നഗരത്തില്‍ സവാളയുടെ വില ഒരു കിലോയ്ക്ക് 60 മുതല്‍ 80 രൂപവരെയാണ്. ഓഗസ്റ്റില്‍ കിലോയ്ക്ക് 28 രൂപയായിരുന്നു. സെപ്റ്റംബര്‍ 20-നുശേഷമാണ് വില 60 രൂപയ്ക്ക് മുകളിലെത്തിയത്.
സവാളവില കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ഒരു കിലോ സവാള 23.90 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നു.