ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് പുറപ്പെടുന്നത് മുതല്‍ അവരുടെ മടക്കയാത്ര വരെ സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം മക്ക സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിന് ന്യൂനപക്ഷകാര്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതായാണ് റിപോര്‍ട്ട്.
ഓരോ വര്‍ഷവും, സൗദി അറേബ്യ ലോകമെമ്പാടുമുള്ള 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ തീര്‍ഥാടകര്‍ക്ക് മക്ക സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കുന്നു, കൂടാതെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തീര്‍ത്ഥാടകരുടെ മൂന്നാമത്തെ വലിയ സംഘത്തെ അയക്കുന്ന രാജ്യമാണ്. ഈ വര്‍ഷം 1,75,025 തീര്‍ഥാടകരുടെ ക്വാട്ട ഇന്ത്യക്ക് അനുവദിച്ചിട്ടുണ്ട്, അതില്‍ 1.4 ലക്ഷം പേര്‍ ഹജ് കമ്മിറ്റി വഴിയാണ് പോകുന്നത്. ശേഷിക്കുന്നവര്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി പോകുമെന്ന് ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ സിഇഒ മുഹമ്മദ് യാക്കൂബ് ഷെഖ പറഞ്ഞു.
തീര്‍ത്ഥാകര്‍ക്ക് വൈദ്യപരിശോധന, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കാന്‍ ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. അപേക്ഷകരെ സഹായിക്കാന്‍, സംസ്ഥാനങ്ങളിലെ ഏത് സര്‍ക്കാര്‍ അലോപ്പതി മെഡിക്കല്‍ ഡോക്ടര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. സംസ്ഥാനങ്ങളും ജില്ലാ ആരോഗ്യ അധികാരികളും തീര്‍ഥാടകര്‍ക്കായി പുറപ്പെടുന്നതിന് മുമ്പുള്ള മെഡിക്കല്‍ പരിശോധനയ്ക്കും വാക്‌സിനേഷനും ക്യാമ്പുകള്‍ സജ്ജീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
പുറപ്പെടുന്ന സമയത്ത് തീര്‍ഥാടകരുടെ ആരോഗ്യ ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ വിമാനത്താവളങ്ങളിലും ഹെല്‍ത്ത് ഡെസ്‌ക്കുകള്‍ സ്ഥാപിക്കും. മക്ക, മദീന, ജിദ്ദ, അറഫാത്ത്, മിന എന്നിവിടങ്ങളില്‍ ആവശ്യമായ താല്‍ക്കാലിക ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, ക്യാമ്പുകള്‍ എന്നിവ ഒരുക്കുന്നതില്‍ ആരോഗ്യ മന്ത്രാലയം ഏപ്രിലില്‍ സൗദി അറേബ്യയിലേക്ക് പ്രത്യേക സംഘത്തെ അയയ്ക്കും.
സ്‌പെഷ്യലിസ്റ്റുകളുടെയും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും ആവശ്യകത അവരുടെ ഫീല്‍ഡ് അസസ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ സംഘം വിലയിരുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. 12 വയസ്സിന് താഴെയുള്ള തീര്‍ഥാടകര്‍ കോവിഡ് വാക്‌സിന്‍ എടുക്കാത്തതിനാല്‍ ഈ വര്‍ഷം പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിഭാഗവും 40-65 വയസ് പ്രായമുള്ളവരാണെന്നും പ്രായവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. മഹാമാരി കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും, ഈ വര്‍ഷത്തെ എണ്ണം ഹജ് കമ്മിറ്റിക്ക് അനുവദിച്ച 2019 ലെ ഉയര്‍ന്ന പരിധിയായ 1.40 ലക്ഷത്തിന് തുല്യമാണ്. ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 2018ലും 2019ലും 140 തീര്‍ത്ഥാടകര്‍ തീര്‍ത്ഥാടനത്തിനിടെ മരിച്ചതായും 2022 ല്‍ സ്വാഭാവിക കാരണങ്ങളാല്‍ 21 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.