ന്യൂഡല്‍ഹി: ഷോട്ട് എന്ന ഡിയോഡറന്റ് ബ്രാന്‍ഡിന്റെ വിവാദ വീഡിയോ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോടും യൂട്യൂബിനോടും കേന്ദ്ര സര്‍ക്കാര്‍. അശ്ലീല ഉള്ളടക്കത്തിന്റെ പേരില്‍ പരസ്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവര, പ്രക്ഷേപണ മന്ത്രാലയം ഇരു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കും ഇമെയില്‍ അയച്ചു.
ചട്ടങ്ങള്‍ക്കു വിരുദ്ധമായ പരസ്യങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പരസ്യങ്ങള്‍ വിവര സാങ്കേതിക (ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മീഡിയ പെരുമാറ്റച്ചട്ടവും) ചട്ടം 2021ലെ ചട്ടം 3(1)(ബി) (ഐ ഐ) ലംഘിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
”ഒരു കമ്പനിയുടെ പരസ്യമായി കാണപ്പെടുന്ന, ഇന്റര്‍മീഡിയറി പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ നിരവധി ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന, ജൂണ്‍ മൂന്നിനു പ്രസിദ്ധീകരിച്ച ലെയര്‍ ഷോട്ട് മാള്‍ 15 ഒപിടി2 ഹിന്ദി സബ് എച്ച്ഡി എന്ന തലക്കെട്ടിലുള്ള വീഡിയോ പ്രസിദ്ധീകരിച്ച വീഡിയോ,” എന്നാണ് ഇമെയിലുകളില്‍ പറഞ്ഞിരിക്കുന്നത്.
വീഡിയോ 10 ലക്ഷത്തോളം തവണ കാണുകയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിടുകയും ചെയ്തതായി യൂട്യൂബിന് അയച്ച ഇമെയിലില്‍ സര്‍ക്കാര്‍ പറയുന്നു.
Also Read: WhatsApp: വാട്ട്സ്ആപ്പില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കണോ? വഴിയുണ്ട്
”മേല്‍ സൂചിപ്പിച്ച വീഡിയോ, സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നതു മാന്യതയ്ക്കോ ധാര്മികതയ്ക്കോ നിരക്കുന്നതല്ല. കൂടാതെ വിവര സാങ്കേതികത (ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മീഡിയ പെരുമാറ്റച്ചട്ടവും) ചട്ടം 2021ലെ ചട്ടം 3(1)(ബി) (ഐ ഐ)ന്റെ ലംഘനവുമാണ്. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ അവഹേളിക്കുന്നതോ ഉപദ്രവിക്കുന്നതോ ആയ ഒരു വിവരവും ഉപയോക്താക്കള്‍ ഹോസ്റ്റ് ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ അപ്ലോഡ് ചെയ്യുകയോ പരിഷ്കരിക്കുകയോ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ സംഭരിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്ന് 2021 ലെ നിയമങ്ങള്‍ പറയന്നു,” പ്ലാറ്റ്ഫോമുകള്‍ക്ക് അയച്ച ഇമെയിലില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി.
വീഡിയോകള്‍ ടിവിയിലും സംപ്രേക്ഷണം ചെയ്തിട്ടുണ്ടെന്നും അതു ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും കണ്ടെത്തിയതായും ഇമെയിലില്‍ പറയുന്നു. പരസ്യ വ്യവസായത്തിന്റെ സ്വയം നിയന്ത്രണ സ്ഥാപനമായ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ എസ് സി ഐ), 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമങ്ങള്‍ക്കനുസൃതമായി ടിവിയില്‍ പരസ്യം ചെയ്യുന്നതില്‍ സ്വയം നിയന്ത്രണത്തിനുള്ള ചട്ടം ആവിഷ്കരിച്ചിട്ടുണ്ട്. പരസ്യം ഉടനടി താല്‍ക്കാലികമായി നിര്‍ത്താന്‍ പരസ്യദാതാവിനെ എ എസ് സി ഐ അറിയിച്ചിട്ടുണ്ടെന്നും ഇമെയിലുകളില്‍ പറയുന്നു.
Also Read: ഇനി ഇവർ രണ്ടും ഒന്ന്; ഗൂഗിൾ മീറ്റും ഡ്യുവോയും വീഡിയോ കോളിങ്ങിനുള്ള ഒറ്റ ആപ്പാകും
2021ലെ വിവര സാങ്കേതികത (ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ പെരുമാറ്റച്ചട്ടവും) ചട്ടം 2021 ലെ ചട്ടം 3(1)(ഡി) പ്രകാരം, ട്വിറ്റര്‍, യൂട്യൂബ് എന്നിവയോട് അവരുടെ പ്ലാറ്റ്ഫോമുകളില്‍ വീഡിയോകളോ വീഡിയോകള്‍ ഉള്‍പ്പെടുന്ന ട്വീറ്റുകളോ ഹോസ്റ്റ് ചെയ്യരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നിര്‍ദേശിക്കപ്പെട്ട പരസ്യങ്ങളുടെ പരമ്പര സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തെ, നിസാരമായി കാണിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകള്‍ വിമര്‍ശമുന്നയിച്ചിരുന്നു.