ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയെയും അദ്ദേഹത്തിന്റെ ഭരണകാലത്തെയും സ്കൂള്‍ പാഠപുസ്തകങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിനാണ് (എന്‍സിആര്‍ടി) കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഈ നിര്‍ദ്ദേശം കൈമാറിയിരിക്കുന്നത്.

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളില്‍ വാജ്‌പേയിയെ കൂടുതലായി ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്‍സിആര്‍ടി പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് ടെക്സ്റ്റില്‍ ‘സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയം’ എന്ന പാഠത്തില്‍ വാജ്‌പേയിയെ പ്രതിപാദിക്കുന്നുണ്ട്. പക്ഷെ ജന സംഘവും ബിജെപിയുമായുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയമോ പ്രധാനമന്ത്രി കാലഘട്ടമോ പറയുന്നില്ല.

കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എന്‍സിഇആര്‍ടി തങ്ങളുടെ പാഠപുസ്തകങ്ങള്‍ നവീകരിക്കുകയാണ് ഇപ്പോള്‍. വിദ്യാര്‍ഥികളുടെ ഭാരം കുറയ്ക്കണം എന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. നവീകരിച്ച പാഠപുസ്തകത്തില്‍ വാജ്‌പേയിയെ കൂടുതലായി ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട് എന്നാണ് ദ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്,

വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തെ നേട്ടങ്ങളും നാഴികകല്ലുകളും സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്ഷം മുതല്‍ സംസ്ഥാനത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ വാജ്പേയിയുടെ ഭരണനേട്ടങ്ങള്‍ ഉള്‍പ്പെടുത്തണം എന്നാണ് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവ്നാനി രാജസ്ഥാന്‍ വിദ്യാഭ്യാസ ബോര്‍ഡിന് നല്‍കിയ നിര്‍ദ്ദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook