മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങാന്‍ അനുമതി; നിബന്ധനകള്‍ ഇവയാണ്‌

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷന്‍ കേരളം നടത്തുന്നുണ്ട്‌

migrant labour, ie malayalam

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, വിനോദ സഞ്ചാരികള്‍, തീര്‍ത്ഥാടകര്‍ എന്നിവരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കി. ഇത് സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. സംഘമായി മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. കൂടാതെ, യാത്ര തുടങ്ങും മുമ്പ് കോവിഡ് പരിശോധന നടത്തും. ഇവര്‍ ഇപ്പോള്‍ തങ്ങുന്ന സംസ്ഥാനങ്ങളും സ്വന്തം സംസ്ഥാനവും തമ്മിലുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാകും ഇവരുടെ യാത്ര.

അതേസമയം, മറ്റു സംസ്ഥാനങ്ങളുമായി ചര്‍ച്ച ആരംഭിച്ചുവെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ മഹാരാഷ്ട്രയിലുണ്ട്. അവര്‍ ദിവസങ്ങളായി സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുവേണ്ടി യാത്ര സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തുമെന്നും ദേശ്മുഖ് പറഞ്ഞു. ഏതൊക്കെ സംസ്ഥാനങ്ങളുമായിട്ടാണ് ചര്‍ച്ച നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞില്ല.

Read Also: കേരളത്തിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് പത്ത് പേർക്ക്; രോഗബാധിതരിൽ മാധ്യമപ്രവർത്തകനും

അതേസമയം, രാജ്യത്ത് കോവിഡ്-19 മഹാമാരി മൂലം മരിച്ചവരുടെ എണ്ണം 1000 കടന്നു. 1008 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 31,787 ആയി ഉയര്‍ന്നു. 7,796 പേര്‍ രോഗവിമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറില്‍ 73 പേരാണ് മരിച്ചത്. 1,897 പേര്‍ക്ക് രോഗം ബാധിച്ചു. മഹാവ്യാധി മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 11,106 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 400 പേര്‍ മരിച്ചു.

കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നോര്‍ക്ക മുഖാന്തരം ആരംഭിച്ചിട്ടുണ്ട്.

നോര്‍ക്കയുടെ http://www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് നോര്‍ക്ക അറിയിച്ചു. വെബ്‌സൈറ്റില്‍ ഇടതു വശത്ത് വിദേശ മലയാളികള്‍ക്കും വലതു വശത്ത് ഇതര സംസ്ഥാനത്തുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്.

പേര്, ജനന തീയതി, ആധാര്‍ അല്ലെങ്കില്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, ഇപ്പോള്‍ ഉള്ള സ്ഥലത്തിന്റേയും കേരളത്തില്‍ എത്തിച്ചേരേണ്ട സ്ഥലത്തിന്റേയും വിശദാംശങ്ങള്‍, മടങ്ങി വരുന്നതിനുള്ള കാരണം, വരാന്‍ ഉദ്ദേശിക്കുന്ന തീയതി, യാത്രക്കായി വാഹനം ഉപയോഗിക്കുന്നവര്‍ വാഹന നമ്പര്‍ എന്നീ വിവരങ്ങള്‍ രജിസ്ട്രേഷനോടുനുബന്ധിച്ച് നല്‍കണം. മറ്റ് സംസ്ഥാനങ്ങളില്‍ ചികിത്സയ്ക്ക് പോയവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ , തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കും. മടങ്ങി വരുന്നവര്‍ക്ക് ക്വാറന്റയില്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കുന്നതിനാണ് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read Also: Explained: കോവിഡ്-19 പ്രവാസികളായ മലയാളികളുടെ ഭാവിയെന്താകും?

അതേസമയം, വിദേശത്ത് നിന്ന് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദേശത്ത് നിന്ന് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് നോര്‍ക്ക വെബ്സൈറ്റില്‍ ബുധനാഴ്ച വരെ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍. തൊഴില്‍, താമസ വിസയില്‍ പോയ 2,23,624 പേരും സന്ദര്‍ശക വിസയിലുള്ള 57436 പേരും ആശ്രിത വിസയിലുള്ള 20,219 പേരും ട്രാന്‍സിറ്റ് വിസയിലുള്ള 691 പേരും 7276 വിദ്യാര്‍ത്ഥികളുമുണ്ട്. മറ്റുള്ള വിഭാഗത്തില്‍ 11,327 പേരുണ്ട്.

56,114 പേര്‍ തൊഴില്‍ നഷ്ടം കാരണം മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. വാര്‍ഷികാവധിക്ക് നാട്ടില്‍ വരാന്‍ താത്പര്യമുള്ള 58823 പേരാണുള്ളത്. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞ 41236 പേരും വിസ കാലാവധി അവസാനിച്ച 23,971 പേരും ഇക്കൂട്ടത്തിലുണ്ട്. ലോക്ക്ഡൗണില്‍ കുട്ടികളെ നാട്ടില്‍ അയയ്ക്കാന്‍ ആഗ്രഹിക്കുന്ന 9561 പേരുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ 10007, ഗര്‍ഭിണികള്‍ 9515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ 2448, ജയിലില്‍ നിന്ന് വിട്ടയച്ചവര്‍ 748 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Govt allows inter state movement of stranded migrant workers students368475

Next Story
കിം ജോങ് ഉൻ വോൻസനിലെ ആഡംബര വില്ലയിലോ? സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്Kim Jong Un, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express