ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒ.പനീർശെൽവവും വി.കെ.ശശികലയും തമ്മിലുള്ള മത്സരം തുടരുന്നതിനിടെ ശശികല ക്യാംപിനെ സമ്മർദ്ദത്തിലാക്കി കൂടുതൽ കാര്യങ്ങൾ പുറത്തുവരുന്നു. എംഎൽഎമാരെ പാർപ്പിച്ച ഇടമാണ് ഏറ്റവും ഒടുവിൽ പുറത്തായത്. ചെന്നൈ-കാഞ്ചീപുരം റൂട്ടിലെ ഗോൾഡൻ ബേ റിസോർട്ടിലാണ് എംഎൽഎ മാരുള്ളത്. പനീർശെൽവത്തിന് പിന്തുണയ്ക്കുന്ന എംഎൽഎമാർ ക്യാംപിൽ നിരാഹാരം ആരംഭിച്ചു.

കനത്ത സ്വകാര്യ സുരക്ഷാ വലയത്തിലാണ് ഇപ്പോൾ റിസോർട്ടുള്ളത്. ശശികലയുടെ നാട്ടിൽ നിന്നും എത്തിച്ച സ്വകാര്യ സുരക്ഷാ ഗാർഡുമാരാണ് റിസോർട്ടിന് ചുറ്റിലും ഉള്ളത്. പുറംലോകവുമായി സകലബന്ധങ്ങളും വിച്ഛേദിച്ചതിനെ തുടർന്നാണ് സംഘത്തിലെ 30 എം.എൽ.എമാർ സമരം ആരംഭിച്ചത്. മുതിർന്ന എഐഎഡിഎംകെ നേതാവ് മൈത്രേയൻ ട്വീറ്റ് ചെയ്തതിനെ തുടർന്നാണ് ഇക്കാര്യം പുറത്തുവന്നത്. ഇതിന് മുൻപ് തന്നെ ശശികല സമർപ്പിച്ച ഒപ്പുകൾ വ്യാജമാണെന്ന ആക്ഷേപം പരിശോധിക്കണമെന്ന പനീർശെൽവത്തിന്റെ ആവശ്യത്തോട് ഗവർണർ അനുകൂല തീരുമാനമെടുത്തതായും വാർത്തകളുണ്ട്.

രഹസ്യ കേന്ദ്രത്തിൽ തടവിൽ കഴിയുന്ന എം.എൽ.എ മാർക്ക് മൊബൈലും ടിവിയും നൽകിയിട്ടില്ല. പുറം ലോകവുമായി ബന്ധപ്പെടാൻ സാധിക്കാത്ത സ്ഥിതിയായതിനാലാണ് ഇവരിൽ 30 പേർ നിരാഹാരം തുടങ്ങിയതെന്നാണ് വിവരം. പനീർശെൽവത്തിന് ഒപ്പമുള്ള എംഎൽഎ മാരുടെ കൂടെ പിന്തുണ അവകാശപ്പെട്ടാണ് ശശികല ഗവർണറെ കണ്ടതെന്ന ആക്ഷേപം നേരത്തേ ഉയർന്നു വന്നിരുന്നു.

ഇക്കാര്യം ആദ്യം ആവശ്യപ്പെട്ടത് പനീർശെൽവമാണ്. ഒപ്പുകൾ പരിശോധിച്ച ശേഷമേ ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ ശശികല തന്നെ നിർബന്ധപൂർവ്വം രാജിവയ്‌പ്പിച്ചതാണെന്നും രാജി പിൻവലിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ വിശദീകരിച്ചുള്ള കത്തും അദ്ദേഹം ഇന്നലെ കൈമാറി. എന്നാൽ ഇതിന് ശേഷം ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തിയ ശശികല പാർട്ടിയിലെ 134 എംഎൽഎ മാരുടെയും പിന്തുണ അവകാശപ്പെട്ടുള്ള കത്താണ് ഗവർണർക്ക് നൽകിയത്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ഗവർണർ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാര്യങ്ങൾ സ്ഥിതി അറിയിച്ചു.

ശശികല കോൺഗ്രസ് ക്യാംപുമായി ബന്ധപ്പെട്ടതായും വാർത്തകളുണ്ട്. എഐഎഡിഎംകെ അംഗങ്ങൾ പിന്തുണച്ചില്ലെങ്കലും 117 എന്ന മാന്ത്രിക സംഘ്യയിലെത്താനാണ് കോൺഗ്രസ് പിന്തുണ ശശികല തേടിയത്. കോൺഗ്രസിന് ഇപ്പോൾ എട്ട് അംഗങ്ങളാണ് നിയമസഭയിൽ ഉള്ളത്. അടിയന്തിര സാഹചര്യമുണ്ടായാൽ ഇവരുടെ പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ