ശ്രീനഗർ: കശ്മീരിലെ സ്ഥിഗതികള്‍ സാധാരണ നിലയിലാണെന്ന അവകാശവാദവുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ജമ്മു കശ്മീരില്‍ അവശ്യ സാധനങ്ങള്‍ക്ക് കുറവില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മരുന്നുകള്‍ അടക്കമുള്ള എല്ലാ അവശ്യ സാധനങ്ങളും കശ്മീരിലുണ്ട്. ഈദ് പെരുന്നാള്‍ ദിവസം മാംസവും പച്ചക്കറികളും മുട്ടയും കശ്മീരിലെ വീടുകളില്‍ എത്തിച്ചിരുന്നു. ഇവിടെ പ്രശ്‌നങ്ങളൊന്നും ഇല്ല. പത്ത് പതിനഞ്ച് ദിവസങ്ങള്‍ക്കകം എല്ലാവരുടെയും അഭിപ്രായം മാറുമെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

കശ്മീരില്‍ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും കുറഞ്ഞത് ഒരു അമ്പത് പേരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെടാറുണ്ട്. എന്നാല്‍, ഇവിടെ ഇപ്പോള്‍ അങ്ങനെയുള്ള അനിഷ്ട സംഭവങ്ങളൊന്നും നടന്നിട്ടില്ല എന്നും സത്യപാല്‍ മാലിക് പറഞ്ഞു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഒരുപാടുപേരുടെ ജീവന്‍ രക്ഷിക്കാനായെന്നും കഴിഞ്ഞ പത്തു ദിവസമായി കലാപം കാരണം കശ്മീരില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കശ്മീരിലെ സ്ഥിഗതികള്‍ അറിയാന്‍ എത്തിയ പ്രതിപക്ഷ നേതാക്കളെ വിമാനത്താവളത്തി തടഞ്ഞുവച്ചത് വലിയ വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘമാണ് ഇന്നലെ ശ്രീനഗറിലെത്തിയത്. എന്നാല്‍, ഇവരെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ല. ഒടുവില്‍ അവര്‍ തിരിച്ചു പോകുകയായിരുന്നു. ഇതിനു പിന്നാലെ കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലല്ല എന്ന് രാഹു ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ചാണ് താന്‍ ജമ്മു കശ്മീരില്‍ എത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കശ്മീരിലെ ജനങ്ങളുടെ അവസ്ഥയെ കുറിച്ച് ഞങ്ങള്‍ക്ക് അറിയണമായിരുന്നു. ജനങ്ങള്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കാനാണ് താനടക്കമുള്ള നേതാക്കള്‍ കശ്മീരിലെത്തിയത്. എന്നാല്‍, വിമാനത്താവളത്തിന് അപ്പുറം കടക്കാന്‍ ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു. അവരോടും മോശമായാണ് പെരുമാറിയത്. ഇതില്‍ നിന്നെല്ലാം മനസിലാക്കാന്‍ സാധിക്കുന്നത് ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലല്ല എന്നാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Read Also: കശ്മീർ ശാന്തമല്ല; രാഹുൽ ഗാന്ധിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സ്ത്രീ

പ്രതിപക്ഷ നേതാക്കളടങ്ങുന്ന സംഘത്തെ ശ്രീനഗറില്‍ നിന്ന് തിരിച്ചുവിടുകയായിരുന്നു. വിമാനത്താവളത്തിന് പുറത്തേക്ക് പോകാന്‍ നേതാക്കളെ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ തിരിച്ചയക്കുകയായിരുന്നു. പ്രതിപക്ഷ നേതാക്കളെല്ലാം ഇക്കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. രാഹുൽ ഗാന്ധിക്കൊപ്പം സിപിഐ സെക്രട്ടറി ഡി.രാജ, സിപിഎം സെക്രട്ടറി സീതാറം യെച്ചൂരി, ശരദ് യാദവ്, ഗുലാം നബി ആസാദ്, കെ.സി.വേണുഗോപാൽ തുടങ്ങി 12 ഓളം നേതാക്കളാണ് ഉണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook