ഇംഫാൽ: മണിപ്പൂരിൽ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിന് ഗവർണറുടെ ക്ഷണം. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 18 വരെ ഗവർണർ നജ്‌മ ഹെപ്‌‌ത്തുളള സമയം നൽകിയിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കോൺഗ്രസും ബിജെപിയും ഗവർണറെ കണ്ടിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് നിലവിലെ മുഖ്യമന്ത്രിയായ ഒക്രം ഇബോബി സിങ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, 32 എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാൽ ഗവർണർ ബിജെപിയുടെ അവകാശവാദത്തെ പിന്തളളി ആദ്യം കോൺഗ്രസിന് അവസരം നൽകുകയായിരുന്നു.

60 അംഗ സഭയിൽ 28 സീറ്റാണ് കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുപാർട്ടികൾ ബിജെപിയെ പിന്തുണച്ചാൽ അതു കോൺഗ്രസിനു തിരിച്ചടിയാകും. അതിനാൽതന്നെ സ്വതന്ത്രരുടെയും മറ്റു പ്രാദേശിക പാർട്ടികളുടെയും പിന്തുണ നേടാനുളള നീക്കത്തിലാണ് കോൺഗ്രസ്. കോൺഗ്രസിൽനിന്ന് ചില എംഎൽഎമാർ ബിജെപി പക്ഷത്തേക്ക് പോയതായും ചില റിപ്പോർട്ടുകളുണ്ട്.

മണിപ്പൂരിൽ ബിജെപിക്ക് ആശ്വാസകരമായ വിജയാണ് ഇത്തവണ ലഭിച്ചത്. ആദ്യമായി ബിജെപി അവിടെ അക്കൗണ്ട് തുറന്നു. 21 സീറ്റ് നേടിയ ബിജെപി സഖ്യകക്ഷികളുടെ പിന്തുണ നേടാനുളള ശ്രമത്തിലാണ്. ബിജെപിയുടെ സഖ്യ കക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിക്കു നാലു സീറ്റുണ്ട്. നാലു സീറ്റുളള നാഗാ പീപ്പിൾസ് ഫ്രണ്ടും ബിജെപിയെ പിന്തുണച്ചേക്കും. ഒരു സീറ്റ് നേടിയ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി നേരത്ത ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അങ്ങനെയെങ്കിൽ മണിപ്പൂരിൽ ബിജെപിക്കു ഭരണം നേടാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ