ന്യൂഡൽഹി: മണിപ്പൂരിൽ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിനെ ഗവർണർ ക്ഷണിച്ചെന്ന വാർത്തകളെ രാജ്ഭവൻ തളളി. പുതിയ സർക്കർ രൂപീകരണത്തിനു മുന്നോടിയായി നിലവിലെ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനോട് മന്ത്രിസ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിനെ ഗവർണർ നജ്‌മ ഹെപ്‌‌ത്തുളള ക്ഷണിച്ചതായും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 18 വരെ സമയം അനുവദിച്ചതായും വാർത്തകൾ വന്നിരുന്നു.

അതേസമയം, മണിപ്പൂരിൽ മന്ത്രിസഭ രൂപീകരിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. പ്രാദേശിക പാർട്ടികളുടെ പിന്തുണയുണ്ടെന്നാണ് കോൺഗ്രസും ബിജെപിയും അവകാശപ്പെടുന്നത്. മണിപ്പൂരിൽ കോൺഗ്രസ് 28 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുപാർട്ടികളുടെ പിന്തുണ കൂടി വരുന്നതോടെ ബിജെപിക്കാണ് കൂടുതൽ സാധ്യത വിലയിരുത്തപ്പെടുന്നത്. 21 സീറ്റ് നേടിയ ബിജെപി സഖ്യകക്ഷികളുടെ പിന്തുണ നേടാനുളള ശ്രമത്തിലാണ്. ബിജെപിയുടെ സഖ്യ കക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിക്കു നാലു സീറ്റുണ്ട്. നാലു സീറ്റുളള നാഗാ പീപ്പിൾസ് ഫ്രണ്ടും ബിജെപിയെ പിന്തുണച്ചേക്കും. ഒരു സീറ്റ് നേടിയ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി നേരത്ത ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അങ്ങനെയെങ്കിൽ മണിപ്പൂരിൽ ബിജെപിക്കു ഭരണം നേടാം.

60 അംഗ സഭയിൽ 28 സീറ്റാണ് കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുപാർട്ടികൾ ബിജെപിയെ പിന്തുണച്ചാൽ അതു കോൺഗ്രസിനു തിരിച്ചടിയാകും. അതിനാൽതന്നെ സ്വതന്ത്രരുടെയും മറ്റു പ്രാദേശിക പാർട്ടികളുടെയും പിന്തുണ നേടാനുളള നീക്കത്തിലാണ് കോൺഗ്രസ്. കോൺഗ്രസിൽനിന്ന് ചില എംഎൽഎമാർ ബിജെപി പക്ഷത്തേക്ക് പോയതായും ചില റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ