മുംബൈ: കാർഷിക നിയമ ഭേദഗതിക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാതിരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. അധികാരത്തിലിരിക്കുന്നവർ രാജ്യത്തെ കർഷകരെ ശ്രദ്ധിക്കുന്നില്ലെന്ന് ശരദ് പവാർ പറഞ്ഞു.
“അധികാരത്തിലിരിക്കുന്നവർ കർഷകരെ ശ്രദ്ധിക്കാത്തത് നിർഭാഗ്യകരമാണ്,” മുംബൈയിലെ ആസാദ് മൈതാനത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പവാർ പറഞ്ഞു. മഹാരാഷ്ട്രയിലെ 21 ജില്ലകളിൽ നിന്നായി 6,000 കർഷകരടങ്ങിയ സംഘം 500 വാഹനങ്ങളിലായി ആസാദ് മൈതാനത്ത് എത്തുകയും ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ സമരം നയിക്കുന്ന കര്‍ഷകരെ പിന്തുണച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ #FarmersProtest pic.twitter.com/AZFQFDOpwv
— IE Malayalam (@IeMalayalam) January 25, 2021
പ്രതിഷേധിക്കുന്ന കര്‍ഷകരെല്ലാം പഞ്ചാബിലെ കര്‍ഷകരാണെന്ന കേന്ദ്ര നിലപാടിനെ പവാര്‍ വിമര്‍ശിച്ചു. പഞ്ചാബ് എന്താ പാക്കിസ്ഥാനിലാണോ എന്നും അവരും നമ്മുടെ ഭാഗമാണെന്നും പവാർ ഓര്‍മപ്പെടുത്തി.
“കഴിഞ്ഞ 60 ദിവസമായി, തണുപ്പിനെക്കുറിച്ചോ, ചൂടിനെക്കുറിച്ചോ, മഴയെക്കുറിച്ചോ ഒന്നും ചിന്തിക്കാതെ, യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ പ്രതിഷേധിക്കുന്നു. കേന്ദ്രം പറയുന്നത് ഇവർ പഞ്ചാബിൽ നിന്നുള്ള കർഷകരാണെന്നാണ്. പഞ്ചാബ് പാക്കിസ്ഥാനാണോ? അവർ നമ്മുടെ സ്വന്തമാണ്,” പവാർ പറഞ്ഞു. അദ്ദേഹത്തിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) കോൺഗ്രസിനൊപ്പം മഹാരാഷ്ട്രയിലെ ശിവസേനയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിന്റെ ഭാഗമാണ്.
Read More: മുംബൈ ആസാദ് മൈതാനിയിൽ ഒത്തുകൂടി ആയിരക്കണക്കിന് കർഷകർ; ചിത്രങ്ങൾ
കാർഷിക നിയമങ്ങൾ പാർലമെന്റിൽ കൂടുതൽ ചർച്ച ചെയ്യാതെ പാസാക്കിയ രീതിയെ അദ്ദേഹം വിമർശിച്ചു.
“മൂന്ന് കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചകളില്ലാതെയാണ് പാസാക്കിയത്. നിയമങ്ങളില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അതൊന്നും ചെവികൊണ്ടില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചയില്ലാതെ നിയമം പാസാക്കുമെന്നാണ് കേന്ദ്രം പറഞ്ഞതെ,”ന്നും പവാര്‍ വ്യക്തമാക്കി.
“ഈ സർക്കാർ കർഷകരെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. അത്തരമൊരു സർക്കാരിനെ അട്ടിമറിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് നിങ്ങളുടെ ശക്തികൊണ്ട് നിങ്ങൾ തെളിയിച്ചിട്ടുണ്ട്,” പവാർ പറഞ്ഞു.
നിയമത്തിനെതിരേ നിവേദനം സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനുള്ള കര്‍ഷകരുടെ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ച പവാര്‍ ഗോവയിലേക്ക് തിരിക്കുന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയേയും വിമര്‍ശിച്ചു. മഹാരാഷ്ട്ര ഇതിനുമുമ്പ് ഇത്തരമൊരു ഗവര്‍ണറെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന് നടി കങ്കണയെ കാണാന്‍ സമയമുണ്ട്, എന്നാല്‍ കര്‍ഷകരെ കാണാന്‍ മാത്രം സമയമില്ലെന്നും പവാര്‍ പറഞ്ഞു.
“നിങ്ങൾ എല്ലാവരും ഗവർണറെ കാണാൻ പോകുന്നു. പക്ഷേ മഹാരാഷ്ട്ര മുമ്പ് ഇത്തരമൊരു ഗവർണറെ കണ്ടിട്ടില്ല. കങ്കണ റണാവത്തിനെ കാണാൻ അദ്ദേഹത്തിന് സമയമുണ്ട്, പക്ഷേ കർഷകരെ കാണാൻ ഇല്ല. നിങ്ങളോട് സംസാരിക്കാൻ അദ്ദേഹം ഇവിടെ ഉണ്ടായിരിക്കണം, പക്ഷേ അദ്ദേഹം അങ്ങനെയല്ല ചെയ്യുന്നത്,” മുൻ കേന്ദ്രമന്ത്രി പറഞ്ഞു .