കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍കര്‍. കൊല്‍ക്കത്തയില്‍ നടക്കാന്‍ പോകുന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിനു മുഖ്യമന്ത്രി തന്നെ ക്ഷണിക്കാത്തതില്‍ വലിയ പരിഭവമുണ്ടെന്ന് ജഗ്‌ദീപ് ധന്‍കര്‍ പറഞ്ഞു. ഔദ്യോഗികമായി ക്ഷണിക്കാത്തതു തന്നെ വേദനിപ്പിച്ചതായി ധന്‍കര്‍ പറയുന്നു. നവംബര്‍ എട്ടു മുതല്‍ 15 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ഗവര്‍ണര്‍ എന്ന നിലയില്‍ തനിക്കു ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് ധന്‍കര്‍ പറയുന്നത്.

“ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ഇതുവരെ ഫിലിം ഫെസ്റ്റിവലിനായുള്ള ക്ഷണം ലഭിച്ചിട്ടില്ല. നിരവധി രാജ്യങ്ങളാണ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. എന്നാല്‍, ഗവര്‍ണര്‍ മാത്രം ക്ഷണിക്കപ്പെട്ടിട്ടില്ല” ധന്‍കര്‍ പറഞ്ഞു. “നിങ്ങള്‍ എന്റെ ഭാഗത്തുനിന്ന് ചിന്തിക്കൂ. എത്രത്തോളം വേദനയുണ്ടാക്കുന്നതാണിത്. ഇതു ശരിയായ നടപടിയല്ല.” ധന്‍കര്‍ പറഞ്ഞു.

Read Also: തൃശൂരിലെ ഒരു ഗ്രാമം ദത്തെടുത്ത് സുരേഷ് ഗോപി, വീഡിയോ

സംസ്ഥാനത്തെ മുഖ്യമന്ത്രിയില്‍ നിന്നു ദീപാവലി ആശംസകള്‍ ലഭിക്കാത്ത ഏക ഗവര്‍ണര്‍ താനായിരിക്കുമെന്നും ഇതും തന്നെ ഏറെ വേദനിപ്പിച്ചെന്നും ധന്‍കര്‍ പറഞ്ഞു. നവംബര്‍ എട്ടിനു തുടങ്ങുന്ന കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പങ്കെടുക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook