തൃശൂർ: ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നും ആരും വിരട്ടാൻ നോക്കേണ്ടെന്നും ഇതിനേക്കാൾ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും പ്രതിഷേധക്കാരോടുള്ള മറുപടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഭരണഘടനാപരമായി താന്‍ സംസ്ഥാനത്തിന്റെ തലവനാണ്. കേരള നിയമസഭ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമാണ് തനിക്കുള്ളത്. അത് ഭയം കൂടാതെ നിർവഹിക്കും. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാൻ അനുവദിക്കില്ല. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവർത്തിക്കുന്നത്. സഭാ നടപടികളിൽ ഇടപെട്ടിട്ടില്ലെന്നും ഗവർണർ പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്നതല്ല പൗരത്വ നിയമം. കേരളത്തിനെന്നല്ല, ഒരു സംസ്ഥാന നിയമസഭകൾക്കും കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ ഇടപെടാൻ അവകാശമില്ല. അത് അവരുടെ അധികാരത്തിന്റെ പരിധി ലംഘിക്കലാണ്. എതിർപ്പുണ്ടെങ്കിൽ കേന്ദ്രത്തിൽ ഭരണം നേടട്ടെ, എന്നിട്ട് ഈ നിയമം ഭേദഗതി ചെയ്താൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: Horoscope Today January 04, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പൗരത്വഭേദഗതിക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്ന ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ സിപിഎം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അതിനു മറുപടിയായാണ് ഗവണറുടെ ഈ പ്രതികരണം.

ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയിലൂടെ പറഞ്ഞു. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല. ഗവര്‍ണര്‍ സകല പരിധികളും ലംഘിച്ചിരിക്കുകയാണ്. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത ജല്‍പ്പനങ്ങളാണ് സംസ്ഥാന ഗവര്‍ണര്‍ നടത്തുന്നത്.കേരള നിയമ സഭ ഏത് നിയമത്തിന്റെ ലംഘനമാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook