പശ്ചിമ ബംഗാളില്‍ വര്‍ഗീയ കലാപങ്ങള്‍ പടരുന്നതിനിടയില്‍ ” ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠി മോദി സേനയുടെ പോരാളിയാണ്” എന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയുടെ പ്രസ്താവന. വ്യായാഴ്ച്ച രാഹുല്‍ സിന്‍ഹ നടത്തിയ പ്രസ്താവന ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അത് ബിജെപി നേതാവിന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് എന്ന് പറഞ്ഞ് പാര്‍ട്ടി ദേശീയ സെക്രട്ടറിയെ കൈയ്യൊഴിഞ്ഞപ്പോള്‍. ഗവര്‍ണര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്കല്ല ബിജെപി താത്പര്യങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് പ്രസ്താവന എന്ന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.

” ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ട് നിശബ്ദനാക്കാം എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ അത് തെറ്റാണ്, മോദി സേനയുടെ പോരാളിയാണ് ഗവര്‍ണര്‍. അതിനാല്‍ തന്നെ അദ്ദേഹം എപ്പോഴും ശരിയായ വഴിയില്‍ സഞ്ചരിക്കുകയും സംസ്ഥാനതാത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിനെ ഭയപ്പെടുന്നേയില്ല.” കൊല്‍ക്കത്തയില്‍ വച്ചുനടന്ന പൊതുപരിപാടിക്കിടയില്‍ പങ്കെടുത്തശേഷം രാഹുല്‍ സിന്‍ഹ പറഞ്ഞു.

ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്ക് ഉടന്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മറുപടിയും വന്നു “ഒളിച്ചുവച്ച പൂച്ച പുറത്തേക്ക് ചാടിയിരിക്കുകയാണ് ഇപ്പോള്‍. രാജ്ഭാവനെ പാര്‍ട്ടി ഒഫീസാക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന ഞങ്ങളുടെ വിമര്‍ശനത്തെ സ്ഥാപിക്കുന്നതാണ് ബിജെപി നേതാവിന്റെ പ്രസ്താവന. ഗവര്‍ണറും അതിന്‍റെ ഭാഗമാണ് എന്നതിനു ഔദ്യോഗിക സ്ഥിതീകരണം തന്നിരിക്കുകയാണ് രാഹുല്‍ സിന്‍ഹ ” തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജീ പറഞ്ഞു.

രാഹുല്‍ സിന്‍ഹയുടെ പ്രസ്താവന വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി ബിജെപിയുടെ ദേശീയ ജനറല്‍സെക്രട്ടറിയും ബംഗാള്‍ ഘടകത്തിന്‍റെ ചുമതല വഹിക്കുകയും ചെയ്യുന്ന കൈലാഷ് വിജയ്‌വര്‍ഗിയ വന്നു. രാഹുല്‍ സിന്‍ഹയുടെ പ്രസ്താവനയില്‍ നിന്നും പാര്‍ട്ടിയെ അകറ്റി നിര്‍ത്താനായിരുന്നു കൈലാഷ് വിജയ്‌വര്‍ഗിയയുടെ ശ്രമം.” അദ്ദേഹം എന്താണ് പറഞ്ഞത് എന്ന് ഞാന്‍ കേട്ടിട്ടില്ല. ഞാന്‍ കേട്ടത് ശരിയാണ് എങ്കില്‍ ഞാന്‍ അതിനോട് യോജിക്കുന്നുമില്ല. ഭരണഘടനാപരമായ ചുമതല വഹിക്കുന്നയാളാണ് ഗവര്‍ണര്‍. നിഷ്പക്ഷത ആവശ്യപ്പെടുന്ന ചുമതലയാണ് അത്. അദ്ദേഹം അത് ചെയ്യുന്നുമുണ്ട്” കൈലാഷ് വിജയ്‌വര്‍ഗിയ പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരായുള്ള അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ തൃണമൂല്‍ നേതാക്കളേയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും ബിജെപി നേതാവ് കടന്നാക്രമിച്ചു ” ചിട്ടി പണമിടപാട് തട്ടിപ്പില്‍ ജയിലില്‍ പോവാനിരിക്കുന്നവരാണ് ഗവര്‍ണര്‍ക്കെതിരെ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഞങ്ങള്‍ക്ക് നിങ്ങളെ കുറിച്ച് എല്ലാം അറിയാം എന്നാണ് എനിക്ക് ഈ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളോട് പറയാനുള്ളത് . ചിട്ടി കമ്പനികള്‍ മറയാക്കി ജനങ്ങളുടെ പണം അപഹരിക്കുന്ന നിങ്ങളെ അഴിയെണ്ണിക്കും എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. നിങ്ങള്‍ രാഷ്ട്രീയപരമായ മാന്യത നിലനിര്‍ത്തേണ്ടതുണ്ട്. ” കൈലാഷ് വിജയ്‌വര്‍ഗിയ പറഞ്ഞു.

ബദുരിയയിലെ പരാജയം മറച്ചുവെക്കാനാവാത്തതിനാലാണ് മമത ബാനര്‍ജി ഗവര്‍ണര്‍ക്കെതിരായത് എന്നും കൈലാഷ് വിജയ്‌വര്‍ഗിയ പറഞ്ഞു. ” ബദുരിയയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്തതിലുള്ള നിരാശയിലാണ് മമതാ ബാനര്‍ജി ഗവര്‍ണറെ ലക്ഷ്യംവെക്കുന്നത്. അദ്ദേഹം അനുഭവസ്ഥനായൊരു രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിനു ഭരണഘടനയെ ബഹുമാനിക്കാനും അറിയാം. ബദുരിയയിലെ വര്‍ഗ്ഗീയകലാപത്തെ ചെറുക്കുന്നതില്‍ പൊലീസ് പരാജയപ്പെടുകയായിരുന്നു. ഇതുതന്നെയാണ് മുമ്പ് ധുലാഗറിലും നടന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം പൊലീസ് അക്രമങ്ങളില്‍ ഇരകളാക്കപ്പെട്ടവരുടെ വീടുകളില്‍ പരിശോധന നടത്തുകയായിരുന്നു. ഇതിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ” കൈലാഷ് വിജയ്‌വര്‍ഗിയ പറഞ്ഞു.

ബദുരിയയിലെ വര്‍ഗ്ഗീയ കലാപത്തെ പിന്‍പറ്റി ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠിയും മമതാ ബാനര്‍ജിയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വാഗ്വാദങ്ങള്‍ ആരംഭിക്കുന്നത്. ഗവര്‍ണര്‍ തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു എന്ന് മമതാബാനര്‍ജി പറഞ്ഞപ്പോള്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മമതാബാനര്‍ജി ബംഗാള്‍ ജനതയെ വൈകാരികമായി ചൂഷണംചെയ്യാന്‍ ആണ് ഇപ്പോള്‍ ശ്രമിക്കുന്നത് എന്നും ഗവര്‍ണര്‍ തിരിച്ചടിച്ചു. അതിനിടയില്‍, സംസ്ഥാന സര്‍ക്കാര്‍ സമാധാനവും സാമുദായിക സൗഹാർദവും പുനഃസ്ഥാപിക്കുകയും ചെയ്യണം എന്നും വര്‍ഗ്ഗീയകലാപത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ബിജെപിയുടെ ലീഗല്‍ സെല്‍ കല്‍കട്ട ഹൈകോടതിയില്‍ ഒരു പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചു. സംസ്ഥാന ബിജെപി പ്രസിഡന്റ് അധിര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം വെള്ളിയാഴ്ച ബദുരിയ സന്ദര്‍ശിക്കുന്നുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ