/indian-express-malayalam/media/media_files/uploads/2019/07/Amit-Shah.jpg)
ന്യൂഡല്‍ഹി: രാജ്യത്തിലെ എല്ലാ അനധികൃത കുടിയേറ്റക്കാരേയും കണ്ടെത്തി നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. സമാജ്‌വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷാ.
''അത് വളരെ നല്ലൊരു ചോദ്യമാണ്. എന്‍ആര്‍സി ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയിലുണ്ടായിരുന്നതാണ്. രാജ്യത്തിന്റെ ഓരോ കോണിലുമുള്ള അനധികൃത കുടിയേറ്റക്കാരെ സര്‍ക്കാര്‍ കണ്ടെത്തും. അവരെ രാജ്യാന്തര നിയമമനുസരിച്ച് നാട് കടത്തും'' അമിത് ഷാ പറഞ്ഞു.
അസമില്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുന്നവരുടെ അന്തിമ പട്ടിക ജൂലൈ 31 ന് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. എന്നാല്‍ ഈ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് 25 ലക്ഷം ആളുകള്‍ ഒപ്പിട്ട പരാതി കേന്ദ്രത്തിനും രാഷ്ട്രപതിക്കും സമര്‍പ്പിച്ചിട്ടുണ്ട്.
പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ട നിരവധി പേരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയോട് സമയം നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞിരുന്നു.
അതേസമയം, രാജ്യത്തിലുള്ള റോഹിങ്ക്യ അഭയാർഥികളുടെ എണ്ണം സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു റായിയുടെ മറുപടി. ചിലര്‍ ബംഗ്ലാദേശിലേക്ക് പോയെന്നും മറ്റുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.