കൊച്ചി: എളുപ്പത്തിലുള്ള എമിഗ്രേഷൻ സാധ്യമാക്കുമ്പോൾ സുരക്ഷാ പ്രശ്നങ്ങൾ കൂടി പരിഗണിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. എമിഗ്രേഷന്‍, വിസ, ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ട്രാക്കിങ്ങ്(ഐവിഎഫ്ആര്‍ടി) പദ്ധതിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി ഉപദേശക സമിതിയുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് . ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കുമുള്ള എമിഗ്രേഷൻ, വിസ നടപടി ക്രമങ്ങൾ ശക്തിപ്പെടുത്താനും ലഘൂകരിക്കാനും ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമാനുസൃതമായി രാജ്യത്ത് എത്തുന്ന വിദേശ യാത്രികർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പ്രവേശനം സാധ്യമാക്കേണ്ടതുണ്ടെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എളുപ്പത്തിലുള്ള എമിഗ്രേഷൻ സാധ്യമാക്കുമ്പോൾ സുരക്ഷാ പ്രശ്നങ്ങൾ കൂടി പരിഗണിക്കണതുണ്ട്. രാജ്യത്ത് ഇപ്പോഴുള്ള വിദേശികളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇ-വിസ സ്കീം ഇന്ന് വിദേശികൾക്കിടയിൽ വളരെ പ്രിയമേറിയതായി കഴിഞ്ഞു. 2015ൽ 5,17,417 പേരാണ് ഇ- വിസ സ്കീമിന്റെ ഉപയോക്താക്കളാതെങ്കിൽ 2017ൽ ഇത് 19,013,09 പേരായി ഉയർന്നു. ഈ​വർഷം ജൂലൈ അഞ്ച് വരെ 11,169,85 പേർക്കാണ് ഇ- വിസ അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഇ – കോൺഫറൻസും ഇ മെഡിക്കൽ അറ്റൻഡന്റ് വിസയും ഉൾപ്പെടുത്തി ഈ പദ്ധതിയുടെ സാധ്യതകൾ വിശാലമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

എമിഗ്രേഷന്‍, വിസ, ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ട്രാക്കിങ്ങ്(ഐവിഎഫ്ആര്‍ടി) പദ്ധതിയുമായി ബന്ധപ്പെട്ട ഇ-വിസ പദ്ധതി, സംയോജിത ഓണ്‍ലൈന്‍ വിസ സംവിധാനം തുടങ്ങിയവയെ കുറിച്ചെല്ലാം സമിതി ചര്‍ച്ച ചെയ്തു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം അഹിര്‍, ലോക്‌സഭ അംഗങ്ങളായ ഡോ. ഭഗീരഥ് പ്രസാദ്, ഗീത കോത്തപ്പള്ളി, ഹരീഷ് ചന്ദ്ര ചവാന്‍, ഡോ. തോക്‌ചോം മേന്യ, രാജ്യസഭാംഗങ്ങളായ ഡോ. കെ. കേശവ റാവു, റാണി നാര, എസ്. മുത്തുക്കറുപ്പന്‍ , ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ