വിദ്യാഭ്യാസ വായ്പകൾക്ക് കാലതാമസം വരുത്തുന്നതും, നിസാര കാരണങ്ങളാൽ അനുമതി നിഷേധിക്കുന്നതും സംബന്ധിച്ച് വിവിധ കോണുകളിൽനിന്നും പരാതി ഉയർന്ന സാഹചര്യത്തിൽ, വായ്പ വിതരണം വേഗത്തിലാക്കാനും വർധിപ്പിക്കാനും ബാങ്കുകൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയതായി ദി ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കി. കഴിഞ്ഞയാഴ്ച ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (ഡിഎഫ്എസ്) 12 പിഎസ്‌ബികളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് വിഷയം ചർച്ച ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സർക്കാരിലെ ഉയർന്ന തലങ്ങളടക്കം വിവിധ മേഖലകളിൽ നിന്ന് വകുപ്പിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ബാങ്കുകളോട് പറഞ്ഞു. “വിദ്യാഭ്യാസ വായ്പ വിതരണം വർധിപ്പിക്കാൻ അവരോട് ആവശ്യപ്പെടുകയായിരുന്നു,” വൃത്തങ്ങൾ പറഞ്ഞു. വിദ്യാഭ്യാസ വായ്പകൾ 15-30 ദിവസത്തിനുള്ളിൽ വിതരണം ചെയ്യണമെന്നും, 7.5 ലക്ഷം രൂപ വരെയുള്ള ഇത്തരം വായ്പകൾക്ക് കോഴ്‌സുകളുടെ സിബിൽ സ്‌കോർ, കോഴ്‌സുകളുടെ യോഗ്യതയില്ലായ്മ എന്നിങ്ങനെയുള്ള നിസാര കാരണങ്ങളാൽ വായ്പകൾ നിരസിക്കരുതെന്നും, ഈടിന് ജാമ്യം തേടരുതെന്നും ബാങ്കുകളോട് പറഞ്ഞു.
4.5 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്കുള്ള കേന്ദ്രമേഖലാ പലിശ സബ്‌സിഡി പദ്ധതിയിൽ വിദ്യാഭ്യാസ വായ്പ തേടുന്നവർക്ക് മാർഗനിർദേശം നൽകാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അഭിപ്രായം തേടി ഇന്ത്യൻ എക്‌സ്പ്രസിൽ നിന്നുള്ള ഇ-മെയിലുകളോട് കേന്ദ്ര ധനമന്ത്രാലയവും ധനകാര്യ സേവന വകുപ്പും പ്രതികരിച്ചില്ല.
ചെറിയ വായ്പകളുടെ (7.5 ലക്ഷം രൂപ വരെ) കുടിശ്ശിക കാരണം വിദ്യാഭ്യാസ വായ്പകളിലെ നോൺ-പെർഫോമിങ് അസറ്റ്സ് (എൻപിഎ) വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഏറ്റവും പുതിയ നീക്കം അവരുടെ ബാലൻസ് ഷീറ്റുകളിൽ സമ്മർദ്ദം ചെലുത്തുമെന്ന് ബാങ്കുകൾ പറയുന്നു (ചാർട്ട് കാണുക).
”പുതുതായി പഠിച്ചിറങ്ങിയവർക്ക് എളുപ്പത്തിൽ ജോലി കണ്ടെത്തുക ബുദ്ധിമുട്ടായതിനാൽ വായ്പകളിലെ കുടിശിക വർധിക്കുന്നു. വായ്പ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ചില ഈട് ഉറപ്പാക്കാനാണ് ബാങ്കുകൾ ഈ നിയമങ്ങൾ കൊണ്ടുവന്നത്,” ഒരു ബാങ്കർ പറഞ്ഞു. 2022 ജൂൺ 30 വരെ അപ്‌ഡേറ്റ് ചെയ്‌ത ഡാറ്റ അനുസരിച്ച്, പിഎസ്‌ബികൾ വിതരണം ചെയ്ത വിദ്യാഭ്യാസ വായ്പകളുടെ ഏകദേശം 8 ശതമാനവും എൻപിഎകളായി (നോൺ-പെർഫോമിങ് അസറ്റ്സ്) മാറിയിട്ടുണ്ട്. 79,900 കോടി വിദ്യാഭ്യാസ വായ്പ വിതരണം ചെയ്തതിൽ 6,246 കോടി രൂപ തിരിച്ചെത്തിയിട്ടില്ല.
നേരെമറിച്ച്, ബാങ്കിങ് മേഖലയിലെ മൊത്ത എൻപിഎ 2022 മാർച്ചിൽ 6 ശതമാനത്തിൽ താഴെയായി – 2016 ന് ശേഷമുള്ള ഏറ്റവും താഴ്ന്നത് – അതേ കാലയളവിൽ നെറ്റ് എൻപിഎകൾ 1.7 ശതമാനമായി കുറഞ്ഞെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ എം.രാജേശ്വര റാവു, ജൂലൈയിൽ പറഞ്ഞിരുന്നു.
പിഎസ്ബികളിൽ, എൻപിഎ ചാർട്ടിൽ ഇന്ത്യൻ ബാങ്ക് അവരുടെ വിദ്യാഭ്യാസ വായ്പയുടെ 29 ശതമാനത്തിലധികം മോശമായിത്തീർന്നു, 18 ശതമാനത്തിലധികമായി യുകോ ബാങ്ക് രണ്ടാം സ്ഥാനത്താണ്. പിഎസ്‌ബികളുടെ മൊത്തം വിദ്യാഭ്യാസ വായ്പാ പോർട്ട്‌ഫോളിയോയുടെ പകുതിയോളം കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കാനറ ബാങ്കിനും യഥാക്രമം 2.23, 3.88 ശതമാനം എൻപിഎ കുറവാണ്.
നടപ്പ് സാമ്പത്തിക വർഷം 20,000 കോടി രൂപയിലധികം വിദ്യാഭ്യാസ വായ്പകൾ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്, ആദ്യ പാദത്തിന്റെ അവസാനത്തോടെ ബാങ്കുകൾ ലക്ഷ്യത്തിന്റെ 19 ശതമാനം കൈവരിക്കും. ഇന്ത്യയിലെ വിദ്യാഭ്യാസ വായ്പകളിൽ 90 ശതമാനവും പിഎസ്ബികളാണ് വിതരണം ചെയ്യുന്നത്. കോവിഡ് കാലയളവിൽ വിദ്യാഭ്യാസ വായ്പകളുടെ ആവശ്യം ഉയർന്ന നിലയിലായിരുന്നു.
2020 മാർച്ചിനും ഒക്‌ടോബറിനും ഇടയിൽ വിദ്യാഭ്യാസ വായ്പകൾക്കായി അപേക്ഷിച്ച 3 ലക്ഷത്തിലധികം പുതിയ വായ്പക്കാർക്ക് കോവിഡ് കാലയളവിലാണ് വിതരണം ചെയ്തതെന്ന് ആർബിഐ-അംഗീകൃത ക്രെഡിറ്റ് ബ്യൂറോയായ CRIF ഹൈ മാർക്കിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. 2022 മാർച്ചിൽ ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്റ്റംബർ അവസാനം വരെ വിദ്യാഭ്യാസ കമ്പനികൾ 11,000 കോടി രൂപ വായ്പ വിതരണം ചെയ്തിട്ടുണ്ട്.