ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരത്തിലെക്കും താലിബാൻ പ്രവേശിച്ചെന്ന റിപ്പോര്‍ട്ടിനെ തുടർന്ന് കാബൂളിലുള്ള ഇന്ത്യന്‍ പൗരന്മാരെയും ഉദ്യോഗസ്ഥരേയും രക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.
“അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യന്‍ എംബസിയിലുള്ള ഉദ്യോഗസ്ഥരുടെ ജീവന് അപകടത്തിലാക്കില്ല,” ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും നടപടികള്‍ സ്വീകരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ വ്യോമസേനയുടെ സി -17 ഗ്ലോബ്മാസ്റ്റർ മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകള്‍ കാബൂളിലെ ദൗത്യത്തിനായി തയാറായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂളില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച്, താലിബാന് നഗരത്തിലേക്ക് പ്രവേശിച്ചെന്നും, ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നുമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായ താലിബാന് അഫ്ഗാനിസ്ഥാന്റെ പ്രധാന നഗരങ്ങളെല്ലാം നിയന്ത്രണത്തിലാക്കി. കാണ്ഡഹാര്‍, ഹെറാത്ത്, മാസര്‍ ഇ ഷരീഫ്, ജലാലാബാദ് അടക്കം 34 നഗരങ്ങളില്‍ ഇരുപത്തിയഞ്ചും താലിബാന് കീഴടക്കി.
അഫ്ഗാന്റെ പ്രസിഡെന്‍ഷ്യല്‍ പാലസ് അറിയിച്ചതനുസരിച്ച് കാബൂളിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ആക്രമണം ഉണ്ടായിട്ടില്ല എന്നും പ്രസിഡെന്‍ഷ്യല്‍ പാലസ് ട്വിറ്ററിലൂടെ അറിയിച്ചു.
കാബൂളിലെ ജനങ്ങളുടെ സുരക്ഷയെപ്പറ്റി പ്രസിഡന്റെ അഷ്റഫ് ഗനി സൈന്യത്തിനോട് വിളിച്ചന്വേഷിച്ചതായും പ്രസ്ഥാവനയില്‍ പറയുന്നു. കാബൂളിലെ സ്ഥിതിഗതികള്‍ മോശമായതോടെ പല രാജ്യങ്ങളും തങ്ങളുടെ എംബസിയിലെ ഉദ്യോഗസ്ഥരേയും പൗരന്മാരെയും നഗരത്തില്‍ നിന്ന് മോചിപ്പിക്കുന്നുണ്ട്.
Also Read: ‘ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാൻ പദ്ധതിയില്ല’, താലിബാൻ കാബൂളിൽ