ന്യുഡൽഹി: “രാജ്യത്ത് ശുചിത്വ പദ്ധതികളുടെ പുരോഗമനത്തെക്കുറിച്ച് സർക്കാരിന്റെ അവകാശവാദം സംശയിപ്പിക്കുന്നതാണ് . പൊതു ശുചിത്വ നിലവാരം നവംബർ 30,2018ൽ 96.61% കൈവരിച്ചെന്നാണ് സർക്കാരിന്റെ വാദം . രാജ്യവ്യാപകമായി 3.3 കോടി ശുചിമുറികൾ പണിതു എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്‌താൽ ഇതിന് വിരുദ്ധമായ കാഴ്ച്ച കാണാനാകും.” കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന വെളിയിട വിസർജന വിമുക്ത പദ്ധതിയെക്കുറിച്ച് സിപിഐ പ്രതിനിധിയായ രാജ്യസഭാ അംഗം ബിനോയ് വിശ്വം ഇന്ത്യൻ എക്‌സ്പ്രസ്സിനോട് പ്രതികരിക്കുന്നു.

പൊതു ശുചിത്വ പദ്ധതിക്ക് വേണ്ട പുരോഗതി കൈവരിച്ചോ?

കേന്ദ്ര സർക്കാർ രാജ്യ വ്യാപകമായി നടപ്പിലാക്കി വരുന്ന ശുചിത്വ പദ്ധതികളുടെ പുരോഗമനത്തെക്കുറിച്ച് സർക്കാരിന്റെ അവകാശവാദം സംശയിപ്പിക്കുന്നതാണ് . പൊതു ശുചിത്വ നിലവാരം നവംബർ 30,2018ൽ 96.61% കൈവരിച്ചെന്നാണ് സർക്കാരിന്റെ വാദം. രാജ്യത്തെ 2.5 ലക്ഷം ഗ്രാമങ്ങളിലെ 294 ജില്ലകളിലായി 3.3 കോടി ശുചിമുറികൾ പണിതു എന്നാണ് സർക്കാർ പറയുന്നത്.

കേന്ദ്ര സർക്കാരിന്റെ വെളിയിട വിസർജന വിമുക്ത പദ്ധതിയിൽ തൃപ്‌തനാണോ?

നിങ്ങൾ ട്രെയിനിൽ ഡൽഹിയിലേക്ക് യാത്ര ചെയ്‌താൽ, അതി രാവിലെ തന്നെ ആളുകൾ റെയിൽവേ പാളത്തിന് അരികിൽ മല വിസർജനം ചെയ്യുന്നത് കാണാനാകും, ഇത് കേന്ദ്ര സർക്കാരിന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന കാഴ്ച്ചയാണ്. ഇത്തരം കാഴ്ച്ചകൾ ദിനംപ്രതി വർദ്ധിക്കുകയാണ് . സർക്കാർ പൊതു ശുചിത്വ പദ്ധതിക്കായി ഉപയോഗിച്ച പണം എവിടെ പോയെന്ന് പരിശോധിക്കണം.

വെളിയിട വിസർജന വിമുക്ത പദ്ധതിയുടെ ഭാഗമായി വീടുകളിൽ ശുചിമുറി നിർമ്മിക്കുന്നതിനായി സർക്കാർ 12,000 രൂപ നൽകുന്നുണ്ട്. ശുചിമുറി നിർമ്മിക്കാൻ ഈ തുക മതിയാകുമോ?

ഇല്ല, ചില പ്രദേശങ്ങളിൽ ഈ തുകയ്ക്ക് ശുചിമുറി നിർമ്മിക്കാനാകും, എന്നാൽ മറ്റിടങ്ങിളിൽ ഈ തുക മതിയാകില്ല. അതിനാൽ ശുചിമുറി നിർമ്മിക്കാൻ 12000 രൂപ നൽകുന്നത് അപ്രായോഗികവും, ഈ പദ്ധതിയുടെ ഉദ്യേശശുദ്ധിയെ ചോദ്യം ചെയ്യുന്നതുമാണ്.

കേരളത്തിൽ വെളിയിട വിസർജന വിമുക്ത പദ്ധതി എപ്രകാരമാണ്?

കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിക്കുന്നതിന് മുമ്പേ കേരളം വെളിയിട വിസർജന മുക്ത സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഇത്തരം പദ്ധതിയുടെ ആവശ്യമില്ലെന്ന് സർക്കാരിന്റെ മറുപടി തന്നെ ഇതിന് തെളിവാണ്.

വെളിയിട വിസർജന വിമുക്ത പദ്ധതിയുടെ കണക്കുകളിൽ സംശയം തോന്നാനുള്ള കാരണമെന്താണ്?

സർക്കാർ പറയുന്നത് , ചില ജില്ലകളിൽ രണ്ട് ലക്ഷത്തിലധിക്കം ശുചിമുറികൾ നിർമ്മിച്ചു എന്നാണ്. എന്നാൽ ഈ ജില്ലകൾ എല്ലാം തീരെ ചെറിയ പ്രദേശങ്ങളാണ്, ഈ പദ്ധതി വേണ്ട വിധം അവിടെയൊന്നും നടപ്പിലായിട്ടില്ല. ഇപ്പോഴും അവിടെ ആളുകൾ മലമൂത്ര വിസർജനത്തിന് തുറസ്സായ സ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ