ന്യൂഡൽഹി: രാജ്യത്തെ കടലാസ് കമ്പനികളുടെ പേരിലുള്ള 2,09,032 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. കള്ളപ്പണമിടപാട് നടത്താൻ മാത്രമായി ഉപയോഗിക്കുന്ന നിർജീവമായതും, അനധികൃത ഇടപാടുകൾ നടക്കുന്നതും, പേരിന് മാത്രമുള്ളതുമായ കമ്പനികൾക്കെതിരെ പരിശോധനകൾ ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ പുതിയ നീക്കം.

എത്രയും പെട്ടെന്ന് ഇത്തരത്തിലുളള കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബാങ്കുകള്‍ക്ക് കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കമ്പനി ആക്ട് 252 പ്രകാരം നിയമപ്രകാരമാണ് പ്രവര്‍ത്തനമെന്ന് കമ്പനികള്‍ തെളിയിക്കും വരെ ബാങ്ക് ഇടപാടുകള്‍ നടത്താനാവില്ല. നോട്ട് നിരോധനത്തിന് ശേഷമുളള പരിശോധനയില്‍ മൂന്ന് ലക്ഷം ഷെല്‍ കമ്പനികളെ തിരിച്ചറിഞ്ഞതായും ഇതില്‍ 1.75 ലക്ഷം കമ്പനികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയതായും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

ഇത്തരം കമ്പനികൾക്കെതിരെ പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കീഴിൽ രൂപീകരിച്ച മുന്നൂറോളം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക കർമസേന പരിശോധനകളും നടത്തിയിരുന്നു. വൻ തുകകൾ നിക്ഷേപിക്കുന്നവരെയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളെയുമാണ് നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നത്. ഒരു സ്ഥാപനത്തിന്റെ കീഴിലുള്ള നിര്‍ജീവമായതും, എന്നാല്‍ സാമ്പത്തിക ഇടപാടുകളും ഭാവിയിലേക്കുള്ള കരുതലുമാണ് ഇത്തരം ഷെല്‍ കമ്പനികള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook