ന്യൂഡൽഹി: എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും അവയുടെ സബോർഡിനേറ്റ് ഓഫീസുകളും ഏപ്രിൽ 20 മുതൽ പ്രവർത്തനം ആരംഭിക്കും. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥരുടെ 100 ശതമാനം ഹാജർ അനുവദനീയം. ബാക്കി സ്റ്റാഫുകളിൽ 33 ശതമാനവും ഓഫീസുകളിൽ ഹാജരാകണമെന്ന് ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചുളള കേന്ദ്രസർക്കാരിന്റെ പുതിയ മാർഗ നിർദേശത്തിൽ പറയുന്നു.

പ്രതിരോധ, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയങ്ങൾ അടക്കമുളളവയ്ക്കും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, വിവിധ കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവയ്ക്കും മുഴുവൻ അംഗങ്ങളെ വച്ച് പ്രവർത്തിക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ‘കണ്ടെയ്‌ൻമെന്റ് സോണുകൾ’ എന്ന് വ്യക്തമാക്കിയ പ്രദേശങ്ങളിൽ ഇളവുകൾ ബാധകമല്ല.

നെഹ്‌റു യുവ കേന്ദ്രം, നാഷണൽ കേഡറ്റ് കോർപ്സ്, കസ്റ്റംസ്, വിവിധ ദുരന്തനിവാരണ ഏജൻസികൾ, കാലാവസ്ഥാ വകുപ്പ്, നാഷണൽ സെന്റർ ഫോർ സീസ്മോളജി തുടങ്ങിയ മുന്നറിയിപ്പ് ഏജൻസികൾ എന്നിവയ്ക്കും പൂർണ അംഗ ബലത്തോടെ പ്രവർത്തിക്കാൻ അനുമതി കൊടുത്തിട്ടുണ്ട്. സംസ്ഥാനങ്ങളിൽ പൊലീസ്, ഹോം ഗാർഡ്, അഗ്നിമശമന വകുപ്പ്, ജയിലുകൾ, മുൻസിപ്പൽ ബോഡികൾ, സിവിൽ ഡിഫൻസ് തുടങ്ങിയ വകുപ്പുകൾക്കും യാതൊരു നിയന്ത്രണവുമില്ലാതെ 100 ശതമാനം ഹാജർ നിലയിൽ പ്രവർത്തിക്കാം.

Read Also: ലോക്ക്ഡൗൺ മാർഗ നിർദേശം: അനുവദിച്ചതും അനുവാദമില്ലാത്തതും എന്തൊക്കെ?

കേന്ദ്ര ഇളവുകളിൽ സംസ്ഥാനങ്ങൾ വെളളം ചേർക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം പോലുള്ള ആരോഗ്യ പ്രോട്ടോക്കോളുകൾ എപ്പോഴും പാലിക്കേണ്ടതുണ്ട്.

ഗ്രൂപ്പ് എ, ബി എന്നിങ്ങനെ മുതിർന്ന ഉദ്യോഗസ്ഥരെ ആവശ്യാനുസരണം ഓഫീസുകളിൽ ഹാജരാക്കാൻ സംസ്ഥാന സർക്കാരുകളിലെ മറ്റെല്ലാ വകുപ്പുകളോടും നിർദേശിച്ചിട്ടുണ്ട്. ഗ്രൂപ്പ് സിയിലുള്ളവരും താഴ്ന്ന നിലയിലുള്ളവരും 33 ശതമാനം ഓഫീസിൽ ഹാജരാവണം. പൊതുജന സേവനങ്ങൾ ഉറപ്പു വരുത്തണമെന്നും അതിനാവശ്യമായ ജീവനക്കാർ ഓഫിസിൽ ഉണ്ടാവണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ജില്ലാതലത്തിൽ, സിവിൽ അഡ്മിനിസ്ട്രേഷൻ ഓഫീസുകൾക്ക് നിയന്ത്രിത ഉദ്യോഗസ്ഥരുമായി പ്രവർത്തനം തുടങ്ങാം. മൃഗശാലകൾ, നഴ്സറികൾ, വനങ്ങളിലെ വന്യജീവി പരിപാലനം, തോട്ടം നനയ്ക്കൽ, അഗ്നിശമന സേന, പട്രോളിങ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും പ്രവർത്തനാനുമതി നൽകുന്നതായി പുതിയ മാർഗ നിർദേശത്തിലുണ്ട്.

Read in English: Government offices to reopen with senior staff from April 20

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook