ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സർക്കാർ സൈബർ വോളന്റിയർമാരെ തിരയുന്നതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സൈബർ ക്രൈം സെല്ലിന്റേതാണ് വിവാദ നീക്കം. പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല വീഡിയോകൾ, ബലാത്സംഗം, ഭീകരവാദം എന്നിവയുൾപ്പെടെയുള്ള നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ കണ്ടെത്താനും സർക്കാരിന് റിപ്പോർട്ട് ചെയ്യാനും സന്നദ്ധ പ്രവർത്തകരായ പൗരന്മാർക്ക് സാധിക്കും.
തുടക്കത്തിൽ ജമ്മു കശ്മീരിലും ത്രിപുരയിലും പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്രോതസുകൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആദ്യ ഘട്ടത്തിലെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും വിപുലീകരണം.
Also Read: രാജ്യദ്രോഹകുറ്റം: ശശി തരൂർ അടക്കം ഏഴ് പേരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു
ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന് കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക. സന്നദ്ധപ്രവർത്തകർക്ക് സൈബർ വോളന്റിയർമാരായി പ്രവർത്തിക്കാൻ അവരുടെ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ സ്വയം രജിസ്റ്റർ ചെയ്യാം.
പിതാവിന്റെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവയുൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ നൽകിവേണം രജിസ്റ്റർ ചെയ്യാൻ. രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന രേഖകളുടെ അടിസ്ഥാനത്തിൽ ഇവ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യും.
Also Read: ഗുലാ നബി ആസാദിന് യാത്രയയപ്പ്, വികാരാധീനനായി മോദി, കണ്ണുകൾ നിറഞ്ഞു-വീഡിയോ
അതേസമയം, ദേശീയ വിരുദ്ധ ഉള്ളടക്കമോ പ്രവർത്തനമോ എന്താണെന്നതിനെക്കുറിച്ച് വ്യക്തമായതും നിയമപരമായതുമായ ചട്ടക്കൂട് സർക്കാർ ഇതുവരെ തയ്യാറാക്കിയിട്ടില്ല. കൂടാതെ ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെടുന്നവരെ തടവിലാക്കാനോ ജയിലിലടയ്ക്കാനോ നിയമവിരുദ്ധ പ്രവർത്തന (പ്രൊവിഷൻസ്) ആക്ട് (യുഎപിഎ) പ്രകാരമുള്ള വ്യവസ്ഥകൾ ബാധകമാണ്.
ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടിയുളള ഇന്ത്യൻ എക്സ്പ്രസിന്റെ മെയിലിനോട് ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രതികരിച്ചട്ടില്ല. സൈബർ ക്രൈം വോളന്റിയർ ആയി രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ പദ്ധതി ഏതെങ്കിലും വാണിജ്യ നേട്ടത്തിനായി ഉപയോഗിക്കാൻ കഴിയില്ലെന്നും സംഘടന സംബന്ധിച്ച് പരസ്യമായ പ്രസ്താവന നൽകാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സൈബർ സുരക്ഷ അഭിഭാഷകരും പ്രവർത്തകരും സർക്കാരിന്റെ മാനദണ്ഡങ്ങളിൽ ഇപ്പോഴും പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി.