ന്യൂഡല്‍ഹി: കുട്ടികള്‍ക്കു കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത് അടുത്ത മാസം ആരംഭിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡാവിയ. ഇക്കാര്യം അദ്ദേഹം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ കമ്പനികള്‍ക്ക് ഉത്പാദന ലൈസന്‍സ് ലഭിക്കുന്നതിനാല്‍ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദക രാജ്യമായി ഇന്ത്യ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
12 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു കോവിഡ് -19 വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നും വാക്‌സിന് അനുമതി ലഭിച്ചശേഷം വിതരണ നയം രൂപീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഈ മാസം ആദ്യം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഡിഎന്‍എ വാക്‌സിനുകള്‍ വികസിപ്പിക്കുന്ന സൈഡസ് കാഡില 12-18 വയസ് പ്രായമുള്ളവിെല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിയമപരമായ വ്യവസ്ഥകള്‍ക്ക് വിധേയമായി, സമീപ ഭാവിയില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് കേന്ദ്രം പറഞ്ഞത്.
2-18 പ്രായക്കാരില്‍ വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് ഇന്ത്യ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹെക്കോടതിയെ അറിയിച്ചിരുന്നു.
Also Read: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി എളുപ്പത്തിൽ തിരുത്താം
12-15 വയസ് പ്രായപരിധിയിലുള്ളവരിലെ ഉപയോഗത്തിനായി ഫൈസറിന്റെ എംആര്‍എന്‍എ വാക്‌സിന്‍ പരീക്ഷണം നടത്തുകയും യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും കുട്ടികളില്‍ ഇപ്പോഴും പരീക്ഷണത്തിലുള്ള കോവാക്‌സിന്‍ നിര്‍മിക്കാന്‍ ഇന്ത്യയുടെ തദ്ദേശീയ ശേഷി ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.