ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എയര്‍ ഇന്ത്യയുടേയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റേയും ഓഹരികള്‍ വാങ്ങാന്‍ താത്പര്യമുളളവര്‍ സമീപിക്കണമെന്ന് കാണിച്ച് വ്യോമയാന മന്ത്രാലയം പരസ്യം പുറത്തിറക്കി. ഓഹരികള്‍ക്കൊപ്പം മാനേജ്മെന്റ് മേല്‍നോട്ടവും കൈമാറുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കുറഞ്ഞത് 5,000 കോടി മൂല്യമാണ് എയര്‍ ഇന്ത്യയുടെ ഓഹരിക്ക് കണക്കാക്കുന്നത്. കൂടാതെ നിലവില്‍ എയര്‍ ഇന്ത്യയ്ക്കുളള കടവും ഓഹരി വാങ്ങുന്നവര്‍ ഏല്‍ക്കേണ്ടി വരും.

എയര്‍ ഇന്ത്യയെ വില്‍ക്കുന്നതിന് സര്‍ക്കാര്‍ നേരത്തെ തീരുമനമെടുത്തിരുന്നു. തുടര്‍ന്ന് നിരവധി കമ്പനികള്‍ എയര്‍ ഇന്ത്യ വാങ്ങുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. വിദേശ നിക്ഷേപകര്‍ക്ക് എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരികള്‍ വരെ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് കഴിഞ്ഞ ജനുവരിയിലാണ്. പിന്നീട് വിദേശ കമ്പനികള്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു ഇന്റര്‍ഗ്ലോബ് എവിയേഷന്‍, ടാറ്റ ഗ്രൂപ്പ്, തുര്‍ക്കിയിലെ സെലിബി ഏവിയേഷന്‍ ഹോള്‍ഡിങ്‌സ് എന്നിവ ഇതില്‍ ചില കമ്പനികള്‍ മാത്രം.

എയര്‍ ഇന്ത്യയ്ക്കും ആറ് അനുബന്ധ കമ്പനികള്‍ക്കും 460 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ മൂന്ന് അനുബന്ധ കമ്പനികള്‍ കനത്ത നഷ്ടത്തിലാണ്. മൊത്തം കടം 850 കോടി ഡോളറാണ്. ഈ സാഹചര്യത്തില്‍ 1000 കോടി രൂപയ്ക്ക് ഖത്തര്‍ എയര്‍വേയ്‌സും ഇന്‍ഡിഗോയും ചേര്‍ന്ന് എയര്‍ഇന്ത്യ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലേയെന്നാണ് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചത്. എന്നാല്‍ ഇന്‍ഡിഗോ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ ഇന്‍ഡിഗോ തയ്യാറായിട്ടുണ്ടെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം തന്നെയാണ് അറിയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ