ന്യൂഡൽഹി: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരിയും വിറ്റഴിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. വിൽപ്പനയ്ക്കുള്ള പ്രാഥമിക വിവര മെമ്മോറാണ്ടം സർക്കാർ തിങ്കളാഴ്ച പുറത്തിറക്കി. താൽപ്പര്യമുള്ളവർ മാർച്ച് 17ന് മുമ്പായി സമ്മതപത്രം നൽകണം.

2018ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താൽപ്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്.

Read More: ഷഹീൻ ബാഗിനോടുള്ള വെറുപ്പ് വോട്ട് ചെയ്യുമ്പോൾ കാണിക്കൂ: അമിത് ഷാ

നിലവിൽ 23,286.5 കോടി രൂപയുടെ കടബാധ്യതയാണ് എയർ ഇന്ത്യയ്ക്ക് ഉള്ളത്. വിൽപ്പനയ്ക്ക് ശേഷവും ഈ ബാധ്യത എയർ ഇന്ത്യയുടേയും എയർ ഇന്ത്യ എക്‌സ്‌പ്രസിന്റേയും പേരിൽ തന്നെ തുടരും. ബാക്കി ബാധ്യത എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡിന്റെ പേരിലായിരിക്കും. എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസസ്, എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ്, എയർലൈൻ എലൈഡ് സർവീസസ്, ഹോട്ടൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവ ഏകോപിപ്പിച്ചാണ് എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡിന്റെ രൂപീകരണം.

50,000 കോടിയിലധികം കടബാധ്യതയുള്ള ദേശീയ വിമാന സർവീസ് ദീർഘകാലമായി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. പുനരുജ്ജീവന ശ്രമങ്ങളുടെ ഭാഗമായാണ് ഓഹരി വിറ്റഴിക്കലിന് സർക്കാർ തീരുമാനിച്ചത്.

സിങ്കപ്പൂർ കമ്പനിയായ ഐസാറ്റ്സി(AISATS)ന്റെ 50 ശതമാനം ഓഹരികളും എയർ ഇന്ത്യയുടെ പേരിലാണ്. ഇതും വിൽക്കാനാണ് തീരുമാനം.

ഓഹരികൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നത് വിദേശ കമ്പനികളാണെങ്കിലും ഇവയ്ക്ക് പൂര്‍ണമായും ഓഹരികള്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ പങ്കാളിയുമായി ചേര്‍ന്ന് മാത്രമേ എയര്‍ ഇന്ത്യയെ വാങ്ങാന്‍ സാധിക്കു. എന്നാല്‍ എയര്‍ ഇന്ത്യയുടെ നിര്‍ണായക ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയുടെ പക്കലായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook