സ്കൂളുകളിലെ പാഠപുസ്തകത്തിൽ നിന്ന് രവീന്ദ്ര നാഥ് ടാഗോറിനെ കുറിച്ചുള്ള പാഠഭാഗം നീക്കുന്നുവെന്ന വാർത്ത വ്യാജ പ്രചാരണമാണെന്ന പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. തൃണമൂൽ കോൺഗ്രസ് പാർലമെന്റംഗം ദെരക് ഒബ്രയാന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ഞങ്ങൾ ഉറപ്പുതരുന്നു, പാഠപുസ്തകത്തിൽ നിന്നും ഒന്നും നീക്കംചെയ്യില്ല”, ജാവ്ദേക്കർ പാർലമെന്റിൽ വ്യക്തമാക്കിയത്. “എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് തെറ്റുകൾ തിരുത്താനുള്ള നിർദ്ദേശം അദ്ധ്യാപകരോട് ആരാഞ്ഞിരുന്നു. 7000 ത്തോളം നിർദ്ദേശങ്ങളാണ് ലഭിച്ചത്. ഇത് പരിശോധിക്കുന്നുണ്ട്. പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന യാതൊന്നും പാഠപുസ്തകത്തിൽ നിന്ന് നീക്കില്ല,” മന്ത്രി വ്യക്തമാക്കി.
ആർഎസ്എസിന്റെ ഭാഗമായ ശിക്ഷ സംസ്കൃതി ഉത്തം ന്യാസ് എൻസിആർടി പാഠപുസ്തകത്തിൽ നിന്ന് ടാഗോറിന്റെ കൃതികൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട കാര്യം ദെരക് ഒബ്രയാൻ ഉന്നയിച്ചത്. “ഒരാളുടെയും പ്രശസ്തി പത്രം ആവശ്യമില്ലാത്തയാളാണ് ടാഗോറെന്ന്”, ദെരക് ഒബ്രയാൻ പറഞ്ഞു. കേന്ദ്രമന്ത്രി ഇതിന് മറുപടി നൽകിയ ശേഷം ഇദ്ദേഹത്തിന് അടുത്തേക്ക് ചെന്ന എംപി, ടാഗോറിന്റെ മൂന്ന് പുസ്തകങ്ങൾ മന്ത്രിക്ക് സമ്മാനിച്ചു.
സമാജ്‌വാദി പാർട്ടി അംഗം നരേഷ് അഗർവാൾ, പാഠപുസ്തകത്തിൽ നിന്ന് ഉർദു ഒഴിവാക്കാനും, മിർസ ഖലീബിനെ കുറിച്ചുള്ള പാഠഭാഗം നീക്കം ചെയ്യാനുള്ള നിർദ്ദേശത്തെ കുറിച്ചും ചോദിച്ചു.