ന്യൂഡൽഹി: രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം.

“രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. കോവിഡ് വാക്സിൻ പോസറ്റീവ് ആയവർക്ക് പ്രതിരോധ വാക്സിൻ കൊടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല,” ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം നടത്താൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നൽകി.

രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ എത്ര സമയമെടുക്കുമെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ ഡേറ്റ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡ് പ്രതിദിനം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5375 പേർക്ക്; 6151 പേർക്ക് രോഗമുക്തി

പരീക്ഷണത്തിനിടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പ്രതികൂല സംഭവങ്ങള്‍ വാക്സിൻ പുറത്തിറക്കുന്നതിനെ ബാധിക്കില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ‘കോവിഡ്‌ഷീൽഡ്’ വാക്‌സിന് വെർച്വൽ ന്യൂറോളജിക്കൽ ബ്രേക്ക്ഡൗണും ബൗദ്ധിക പ്രവർത്തനങ്ങളുടെ തകരാറും ഉൾപ്പെടെയുള്ള ഗുരുതരമായ പാർശ്വഫലങ്ങളുണ്ടെന്ന ആരോപണവുമായി ‘കോവിഡ്‌ഷീൽഡ്’ വാക്‌സിൻ ട്രയലിൽ പങ്കെടുത്ത 40 കാരൻ ആരോപിച്ചിരുന്നു.

“വാക്‌സിനേഷൻ പ്രവർത്തനങ്ങൾ വാക്‌സിന്റെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കും. വെെറസ് ശൃംഖല തകർക്കുകയാണ് നമ്മുടെ ലക്ഷ്യം. വളരെ ഗുരുതരമായ സാഹചര്യത്തിലുള്ളവർക്ക് വാക്സിൻ നൽകി വെെറസ് ചങ്ങല തകർക്കാനായാൽ പിന്നെ രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകേണ്ട ആവശ്യം വരില്ല,” ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook