ന്യൂഡല്‍ഹി : പാചകവാതക സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കുന്നതിനായുള്ള കാലാവധി സെപ്റ്റംബര്‍ അവസാനംവരെ നീട്ടി. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരം എല്‍പിജി സംസിഡി ലഭിക്കണമെങ്കില്‍ മെയ്31നു മുന്നെ ആധാറുമായി ബന്ധിപ്പിക്കണം എന്ന് മാര്‍ച്ചില്‍ പുറത്തുവിട്ട കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.

പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയമാണ് ആധാര്‍ ബന്ധിപ്പിക്കുവാനുള്ള അവസാനതീയ്യതി സെപ്റ്റംബര്‍30 വരെ നീട്ടുന്നതായി വിജ്ഞാപനം പുറപ്പെടുവിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് എല്‍പിജി സബ്സിഡിക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കര്‍ശനമാക്കുന്നത്.

“ആധാർ നമ്പരുകൾ സ്വന്തമാക്കിയിട്ടില്ല അല്ലെങ്കിൽ ഇതുവരെ ആധാർ രജിസ്റ്റർ ചെയ്തിട്ടില്ലായെങ്കില്‍ ആനുകൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന ഒരു ഗുണഭോക്താവ് 2017 മെയ് 31 ആകുമ്പോഴേക്കുംആധാറിനെ പാചകവാതക കണക്ഷനുമായി ബന്ധിപ്പിക്കുവാന്‍ അപേക്ഷിക്കണം “മാർച്ച് 6 നു പുറത്തുവിട്ട കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

ഇന്നലെ പുറത്തുവിട്ട വിജ്ഞാപനത്തിലാണ് പ്രധാന മന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരം അഞ്ചുകോടി പാവപ്പെട്ട സ്ത്രീകള്‍ക്ക് പാചകവാതകം നല്‍കുന്നതിനായി തീയ്യതികള്‍ മാറ്റുന്നതായി മന്ത്രാലയം അറിയിച്ചത്.

പാചകവാതക ഏജന്‍സികള്‍ക്ക് ആധാര്‍ കാര്‍ഡ് കണക്ഷനുമായി ബന്ധിപ്പിക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം 14.2കിലോഗ്രാമുള്ള 12 പാചകവാതക സിലിണ്ടറുകള്‍ക്കാണ് നിലവില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ