ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി മുതൽ പ്രോക്‌സി വോട്ടിങ്ങിലൂടെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യും. പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ അംഗീകാരമാവുന്നത്.

പ്രവാസികള്‍ക്ക് അവര്‍ വോട്ടര്‍പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാനാവുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടുചെയ്യാനുള്ള അവസരം നല്‍കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലും ശരാശരി പതിനായിരം മുതല്‍ പന്ത്രണ്ടായിരംവരെ പ്രവാസികള്‍മാത്രമേ ഇപ്പോള്‍ വോട്ടുചെയ്യാന്‍ നാട്ടിലെത്തുന്നുള്ളൂവെന്നാണ് കണക്ക്. നാട്ടിലെത്താന്‍വേണ്ട ഭാരിച്ച ചെലവാണ് വോട്ടിങ്ങിനെത്തുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇതിന് മാറ്റമുണ്ടാകും.

പ്രോക്‌സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാളും (മുക്ത്യാര്‍) അതേ മണ്ഡലത്തില്‍ വോട്ടുള്ളയാളായിരിക്കണം. മുക്ത്യാറിനെ ചുമതലപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പിന് ആറുമാസംമുമ്പ് റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഒരുപ്രാവശ്യം നിയമിക്കുന്ന മുക്ത്യാര്‍ക്ക് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്താം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ