ന്യൂഡല്‍ഹി: റിട്ട. ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ഇന്ത്യയുടെ പുതിയ സംയുക്തസേനാ മേധാവി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി ഡി എസ്) ആയി അദ്ദേഹത്തെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായാണു അനില്‍ ചൗഹാന്‍ സി ഡി എസ് പദവിയിലെത്തുന്നത്. ബിപിന്‍ റാവത്ത് മരിച്ച് ഒന്‍പതു മാസത്തിനുശേഷമാണു സി ഡി എസ് നിയമനം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് ഊട്ടിയിലെ കുന്നൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിൽ ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ 14 പേരാണു കൊല്ലപ്പെട്ടത്.
ലഫ്റ്റനന്റ് ജനറല്‍ ചൗഹാന്‍ ചുമതലയേല്‍ക്കുന്ന തീയതി സൈനിക കാര്യ വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുമെന്നു രപ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
40 വര്‍ഷത്തോളം നീണ്ടുനിന്ന കരിയറില്‍, ലഫ്റ്റനന്റ് ജനറല്‍ ചൗഹാന്‍ നിരവധി സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിനു വിപുലമായ അനുഭവവുമുണ്ട്.
1981-ല്‍ കരസേനയുടെ 11 ഗൂര്‍ഖ റൈഫിള്‍സിലേക്ക് കമ്മിഷന്‍ അനില്‍ ചൗഹാന്‍ ഖഡക്വാസ്‌ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെയും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെയും പൂര്‍വ വിദ്യാര്‍ത്ഥിയാണ്.
മേജര്‍ ജനറല്‍ റാങ്കില്‍ നോര്‍ത്തേണ്‍ കമാന്‍ഡിലെ നിര്‍ണായക ബാരാമുള്ള സെക്ടറില്‍ ഇന്‍ഫന്‍ട്രി ഡിവിഷന്റെ കമാന്‍ഡായിരുന്നു. പിന്നീട് ലഫ്റ്റനന്റ് ജനറലായി അദ്ദേഹം വടക്കുകിഴക്കന്‍ ഭാഗത്ത് ഒരു കോര്‍പ്‌സിന്റെ കമാന്‍ഡറായി. തുടര്‍ന്ന് 2019 സെപ്റ്റംബര്‍ മുതല്‍ ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫായി മാറിയ അദ്ദേഹം 2021 മേയില്‍ വിരമിക്കുന്നതുവരെ ആ ചുമതല വഹിച്ചു.