ന്യൂഡൽഹി: സ്ഥലംമാറ്റത്തെത്തുടർന്ന് രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ.തഹിൽരമണിയുടെ രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചു. സെപ്റ്റംബർ ആറിനാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ തഹിൽരമണി രാജി സമർപ്പിച്ചത്. തഹിൽരമണിയുടെ രാജി മുൻകാല പ്രാബല്യത്തോടെ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ജസ്റ്റിസ് വി.കോത്താരിയെ ആക്ടിങ് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചിട്ടുണ്ട്.
സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് കൊളീജിയത്തിന് സമർപ്പിച്ച പരാതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ജസ്റ്റിസ് വി.കെ.തഹിൽരമണി രാജി പ്രഖ്യാപിച്ചത്. മദ്രാസ് ഹൈക്കോടതിയിൽനിന്ന് മേഘാലയയിലേക്കാണ് ജസ്റ്റിസ് വി.കെ.തഹിൽരമണിയെ സ്ഥലംമാറ്റിയത്. ചെന്നൈയിലെ 75 ജഡ്ജിമാരുള്ള ഹൈക്കോടതി, 32 ജില്ലകളിലെ സബോർഡിനേറ്റ് കോടതികൾ, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ കോടതികൾ എന്നിവയുടെ തലപ്പത്ത് നിന്നാണ് മൂന്ന് ജഡ്ജിമാരും ഏഴ് ജില്ലകളിലെ സബോർഡിനേറ്റ് കോടതികളുമുള്ള മേഘാലയയിലേക്ക് തഹിൽരമണി സ്ഥലം മാറ്റിയത്.
Also Read: ഗവേഷക വിദ്യാർഥികൾക്ക് മാനസിക പീഡനം: കാലിക്കറ്റിൽ അധ്യാപകർക്ക് നിർബന്ധിത അവധി
രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹൈക്കോടതികളിലൊന്നും സുപ്രധാനമായി പല കേസുകളിലും തീർപ്പുകൽപ്പിക്കുന്നതുമായ മദ്രാസ് ഹൈക്കോടതിയിൽനിന്ന് ചെറിയ ഹൈക്കോടതികളിലേക്ക് സ്ഥലംമാറ്റുന്നത് കീഴ്വഴക്കമല്ല. അതിനാൽ തന്നെ ഈ സ്ഥലംമാറ്റം ശിക്ഷാനടപടിക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. ഇത് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് കൊളീജിയത്തെ സമീപിച്ചത്. എന്നാൽ കൊളീജിയം പരാതി തള്ളുകയായിരുന്നു.
Also Read: ആനക്കൊമ്പ് കേസ്: മോഹൻലാലിനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു
വ്യക്തമായ കാരണം പറയാതെയാണ് ചീഫ് ജസ്റ്റിസ് താഹിൽരമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റാൻ കൊളീജിയം തീരുമാനിച്ചത്. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽരമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്കു മാറ്റിയതു ചർച്ചയായിരുന്നു.
2020 ഒക്ടോബറിലാണ് തഹില്‍രമണിയുടെ കാലാവധി അവസാനിക്കുക. 2018 ഓഗസ്റ്റ് മുതല്‍ തഹില്‍രമണി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. തഹില്‍രമണിയുടെ രാജി സ്വീകരിച്ചതോടെ രാജ്യത്തെ ഹൈക്കോടതി വനിതാ ചീഫ് ജസ്റ്റിസുമാരുടെ എണ്ണം ഒന്നിലേക്ക് ചുരുങ്ങും. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ മാത്രമാണ് അവശേഷിക്കുന്ന വനിതാ ചീഫ് ജസ്റ്റിസ്.
ബോംബൈ ഹൈക്കോടതിയിലായിരിക്കെ, 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽകീസ് ബാനു കൂട്ട പീഡനക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചത് ജസ്റ്റിസ് താഹിൽരമണിയാണ്.