Latest News

സമരം അവസാനിപ്പിച്ച് കര്‍ഷകർ; ശനിയാഴ്ച മുതൽ മടങ്ങും

ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതായി സര്‍ക്കാര്‍ രേഖാമൂലം കര്‍ഷക സംഘടനാ നേതാക്കളെ അറിയിച്ചു

Farmers Protest
കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിന് പിറകെ ഡൽഹി സമര വേദിയിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന കർഷകൻ. ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഒരു വർഷം നീണ്ട കർഷകസമരം അവസാനിപ്പിച്ച് കർഷകർ. ന്യൂഡൽഹിയുടെ അതിർത്തികളിലെ സമരം അവസാനിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച (എസ് കെ എം) തീരുമാനിച്ചു. കർഷകർ ശനിയാഴ്ച മുതൽ സ്വദേശങ്ങളിലേക്കു മടങ്ങും.

ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിച്ച സാഹചര്യത്തിലാണ് കർഷകർ സമരം പിൻവലിക്കാൻ തീരുമാനിച്ചത്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പെടെ ഉപാധികളില്ലാതെ പിന്‍വലിക്കാന്‍ കേന്ദ്രം തയാറായതിന് പിന്നാലെയാണ് സമരം പിന്‍വലിക്കാമെന്ന നിലപാടിലേക്ക് സംഘടനകള്‍ എത്തിയിരിക്കുന്നത്. ആവശ്യങ്ങൾ സംബന്ധിച്ച രേഖാമൂലം ഉറപ്പ് സർക്കാർ ഇന്നു രാവിലെ കര്‍ഷക സംഘടനാ നേതാക്കൾക്കു കൈമാറിയിരുന്നു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ പ്രക്ഷോഭം തുടരുന്നത് ന്യായമല്ലെന്നും സമരം പിൻവലിക്കാൻ യൂണിയനുകളോട് അഭ്യർത്ഥിച്ചുവെന്നും സർക്കാർ അറിയിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സർക്കാരിൽ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചാല്‍ പ്രക്ഷോഭം പിൻവലിക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്യുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്കെഎം) നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കര്‍ഷക പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങി ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പ്രതിഷേധക്കാർക്കെതിരെ എടുത്ത എല്ലാ കേസുകളും ഉടനടി പിൻവലിക്കാൻ സമ്മതിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഡൽഹിയിൽ പ്രതിഷേധക്കാർക്കും അവരെ പിന്തുണച്ചവര്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേക്ക് (ഇഡി) തുടങ്ങിയ കേന്ദ്ര ഏജൻസികൾ എടുത്ത എല്ലാ കേസുകളും പിൻവലിക്കുമെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു. “എല്ലാ കേസുകളും പിൻവലിക്കാൻ സർക്കാർ സമ്മതിച്ചു. പ്രക്ഷോഭം വിജയത്തിലേക്ക് നീങ്ങുകയാണ്,” ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത് പറഞ്ഞു.

Also Read: ”ജനറല്‍ റാവത്തിന് പാഴാക്കാന്‍ ഒരു നിമിഷം പോലുമുണ്ടായിരുന്നില്ല”

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Government accepts demands of farmers updates

The moderation of comments is automated and not cleared manually by malayalam.indianexpress.com