ന്യഡല്‍ഹി: പാക്കിസ്ഥാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള സത്കാരം ബഹിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പാക് ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് വെള്ളിയാഴ്ച രാത്രി ട്വിറ്ററിലൂടെ അറിയിച്ചത്.

‘ജനാധിപത്യവും സമാധാനവും സുസ്ഥിരതയും സമൃദ്ധിയുമുള്ള ഒരു മേഖലയ്ക്കായി എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണ് ഇത്’ എന്ന് മോദി അറിയിച്ചതായി ഇമ്രാന്‍ ട്വീറ്റ് ചെയ്തു.

പരിപാടികള്‍ അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മോദിയുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായി ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ് ഇതെന്നു വിശ്വസിക്കുന്നു എന്നും കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് ജനങ്ങള്‍ക്ക് സമാധാനത്തില്‍ ഊന്നിയ ഒരു ജീവിതം നല്‍കാന്‍ പുതിയ ബന്ധം പടുത്തുയര്‍ത്തണമെന്നും ഇമ്രാന്‍ പറഞ്ഞു.

പാക് ദേശീയ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ പ്രതിനിധിയെ അയയ്‌ക്കേണ്ടതില്ല എന്ന് ഇന്ത്യ തീരുമാനിച്ച ദിവസം തന്നെയാണ് ഇത് നടക്കുന്നത്. പാക്കിസ്ഥാന് ഹൈ കമ്മീഷനില്‍ വച്ചാണ് പരിപാടികള്‍ നടന്നത്.

വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് പാക്കിസ്ഥാന്‍ ഹൈ കമ്മീഷന്റെ ക്ഷണം ലഭിച്ചതായും എന്നാല്‍ ഹുറിയത് നേതാക്കളെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പ്രതിനിധി പങ്കെടുക്കില്ലെന്നും അറിയിച്ചത്.

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈ കമ്മീഷനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞനും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രതിനിധികള്‍ മാത്രമല്ല, ഹുറിയത് പ്രതിനിധികളും ദേശീയ ദിന പരിപാടിയില്‍ പങ്കെടുത്തില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ