കൊളംബൊ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ ശ്രീലങ്കയില്‍നിന്നു പലായനം ചെയ്ത മുന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സ തിരിച്ചെത്തുന്നു. അദ്ദേഹം 24 ന് മടങ്ങുമെന്ന് അദ്ദേഹത്തിന്റെ ബന്ധു ഉദയംഗ വീരതുംഗ പറഞ്ഞു.
2.2 കോടി ജനങ്ങളുള്ള ശ്രീലങ്ക, ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ്. ദശലക്ഷക്കണക്കിന് ആളുകളാണു ഭക്ഷണവും മരുന്നും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും വാങ്ങാന്‍ പാടുപെടുന്നത്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ മാര്‍ച്ചില്‍ ആരംഭിച്ച വന്‍ പ്രതിഷേധം രാജപക്സയുടെ രാജിയില്‍ കലാശിക്കുകയായിരുന്നു.
ജൂലൈ 13 നു ശ്രീലങ്കയില്‍നിന്ന് ഭാര്യയ്‌ക്കൊപ്പം സൈനിക വിമാനത്തില്‍ മാലിദ്വീപിലേക്കു പലായനം ചെയ്ത ഗോട്ടബയ ഒരുദിവസത്തിനുശേഷം സിംഗപ്പൂരിലേക്കുപോയിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് ഇമെയില്‍ മുഖേനെ പാര്‍ലമെന്റ് സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു. പിന്നീട് അദ്ദേഹം ബാങ്കോക്കിലേക്കു പോയി.
”ഗോട്ടബയ രാജപക്‌സ എന്നോട് ഫോണില്‍ സംസാരിച്ചു, അടുത്തയാഴ്ച രാജ്യത്തേക്ക് മടങ്ങും,” 2006 മുതല്‍ 2015 വരെ റഷ്യയിലെ ശ്രീലങ്കന്‍ അംബാസഡറായിരുന്ന ഉദയംഗ വീരതുംഗ പറഞ്ഞു. അദ്ദേഹം 24 നു മടങ്ങിവരുമെന്നും പുറത്താക്കപ്പെട്ട പ്രസിഡന്റിനെ വീണ്ടും രാഷ്ട്രീയപദവികളിലേക്കു തിരഞ്ഞെടുക്കരുത്. എന്നാല്‍ അദ്ദേഹത്തിനു മുന്‍പത്തേതു പോലെ ഇപ്പോഴും രാജ്യത്തിനുവേണ്ടി കുറച്ച് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും വീരതുംഗ പറഞ്ഞു.
തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിന്റെ ഹൃദയഭാഗത്തുള്ള ഒരു ഹോട്ടലിലാണ് ഗോട്ടബയ ഇപ്പോള്‍ താമസിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ പുറത്തിറങ്ങരുതെന്ന് അദ്ദേഹത്തോട് പൊലീസ് നിര്‍ദേശിച്ചിരിക്കുകയാണ്.
മറ്റൊരു രാജ്യത്ത് സ്ഥിരാഭയം തേടുന്നതിനു മുമ്പ് താല്‍ക്കാലിക താമസത്തിനായാണ് എഴുപത്തി മൂന്നുകാരനായ ഗോട്ടബയ തായ്‌ലാന്‍ഡിലെത്തിയത്. സിംഗപ്പൂര്‍ വിസയുടെ കാലാവധി അവസാനിച്ച ഓഗസ്റ്റ് 11 നാണ് അവിടെനിന്ന് അദ്ദേഹം ചാര്‍ട്ടര്‍ വിമാനത്തില്‍ ബാങ്കോക്കിലെത്തിയത്.
ഗോട്ടബയയുടെ താത്കാലിക സന്ദര്‍ശനം തായ്ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍-ഓ-ച ഒരു ദിവസം മുന്‍പ് സ്ഥിരീകരിച്ചിരുന്നു. സ്ഥിരം അഭയത്തിനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിനിടെ തായ്‌ലന്‍ഡില്‍നിന്നു രാഷ്ട്രീയനീക്കം നടത്തില്ലെന്നു ഗോട്ടബയ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞിരുന്നു. ഗോട്ടബയ്ക്കു തായ്ലന്‍ഡില്‍ താത്കാലിക അഭയം ലഭിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരിട്ട് അഭ്യര്‍ഥന നടത്തിയിരുന്നു.