ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന ശശി തരൂരിന്റെ പരാതിയിൽ റിപ്പബ്ലിക് ടിവിക്കും അര്‍ണാബ് ഗോസാമിക്കും നോട്ടീസ്. ഡൽഹി ഹൈക്കോടതിയാണ് ഈ വിഷയത്തിൽ ചാനലിനോടും മാധ്യമപ്രവർത്തകനോടും വിശദീകരണം തേടിയത്.

“നിശബ്ദനായിരിക്കാനുള്ള ശശി തരൂരിന്റെ അവകാശം മാനിക്കണം”, എന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മെയ് 29 ന് ചാനലിന്റെ കൗൺസിലിൽ സമർപ്പിച്ച സത്യവാങ്ങ്മൂലം മറികടന്ന് തന്നെ പൊതുമധ്യത്തിൽ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ചാനലും മാധ്യമപ്രവർത്തകരും ശ്രമിക്കുകയാണെന്ന് അദ്ദേഹം ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറഞ്ഞു.

ഇത് പരിഗണിക്കുമ്പോഴാണ് അര്‍ണാബ് ഗോസാമിയോട്, “നിങ്ങൾ നിശബ്ദനായിരിക്കാനുള്ള ശശി തരൂരിന്റെ അവകാശം മാനിക്കണം”, എന്ന് ആവശ്യപ്പെട്ടത്.

സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമാണെന്ന് പറയരുതെന്ന് ചാനലിനോട് ആവശ്യപ്പെടാനും ശശി തരൂരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സൽമാൻ ഖുർഷിദ് ആവശ്യപ്പെട്ടു. കേസ് ഇപ്പോഴും അന്വേഷണത്തിലിരിക്കെ മുൻധാരണകളില്ലാതെ വിചാരണ നടക്കുന്നതിന് ഇത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം യഥാർത്ഥ വസ്തുതകളും തെളിവുകളും പൊലീസ് റിപ്പോർട്ടും നിരത്തിയാണ് ഇത് കൊലപാതകമാണെന്ന് തങ്ങൾ പറയുന്നതെന്ന് അര്‍ണാബ് ഗോസാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സന്ദീപ് സേതി പറഞ്ഞു.

പേരുകൾ പരാമർശിക്കില്ലെന്ന് നേരത്തേ ചാനലിന്റെ കൗൺസിൽ ഉറപ്പുനൽകിയിരുന്നുവെന്ന് ജസ്റ്റിസ് മൻമോഹൻ ചൂണ്ടിക്കാട്ടിയപ്പോൾ, താൻ നൽകിയ എല്ലാ ഉറപ്പുകളും ചാനലും അധികൃതരും പാലിക്കുമെന്ന് സന്ദീപ് സേതി വിശദീകരിച്ചു. നേരത്തേ വാക്കാലാണ് ശശി തരൂരിന്റെയും സുനന്ദ പുഷ്തറിന്റെയും പേര് പരാമർശിക്കില്ലെന്ന് ചാനൽ അധികൃതർ കോടതിയിൽ വ്യക്തമാക്കിയിരുന്നത്.

ഈ കേസിൽ വാദം കേൾക്കുന്നത് കോടതി ഈ മാസം ആഗസ്ത് 16 വരെ നീട്ടി. തന്നെ വ്യക്തിഹത്യ ചെയ്യുന്ന നിലയിൽ വാർത്തകൾ നൽകിയെന്ന കേസിൽ ശശി തരൂർ എംപി 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ മാനനഷ്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.

ദക്ഷിണ ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ സ്യൂട്ട് റൂമിൽ 2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ അന്വേഷണം തുടരുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ