scorecardresearch
Latest News

മജിസ്ട്രേറ്റ് ഉത്തരവിനെ തുടര്‍ന്ന് ഡോക്ടര്‍ കഫീല്‍ ഖാനെ പൊലീസ് വിട്ടയച്ചതായി റിപ്പോര്‍ട്ട്

ശനിയാഴ്ചയായിരുന്നു അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്

മജിസ്ട്രേറ്റ് ഉത്തരവിനെ തുടര്‍ന്ന് ഡോക്ടര്‍ കഫീല്‍ ഖാനെ പൊലീസ് വിട്ടയച്ചതായി റിപ്പോര്‍ട്ട്

ലക്‌നൗ: പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്ന ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ ഡോക്ടറായിരുന്ന കഫീല്‍ ഖാനെ മജിസ്ട്രേറ്റ് ഉത്തരവിനെ തുടര്‍ന്ന് വിട്ടയച്ചതായി പിടിഐ റിപ്പോര്‍ട്ട്. ശനിയാഴ്ചയായിരുന്നു അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. എന്നാല്‍ കഫീല്‍ ഖാനെ കുറിച്ച് കുടുംബത്തിന് ഇതുവരെയും യാതൊരു വിവരവും ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ബഹ്‌റായ് ജില്ലാ ആശുപത്രിയില്‍ 79 ശിശു മരണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ ആശുപത്രി സന്ദര്‍ശിച്ച കഫീല്‍ ഖാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡോക്ടര്‍മാരുമായി തര്‍ക്കിക്കുകയും ചികിത്സ തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു പൊലീസ് വാദം.

അഞ്ജാത രോഗം ബാധിച്ച് 45 ദിവസത്തിനുള്ളില്‍ 70ഓളം കുട്ടികള്‍ ജില്ലാ ആശുപത്രിയില്‍ വച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതായിരുന്നു കഫീല്‍ ഖാനും സഹപ്രവര്‍ത്തകരും. എന്നാല്‍ കഫീല്‍ ഖാന്റെ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് അദ്ദേഹത്തെ തടഞ്ഞ് വയ്ക്കുകയും തുടര്‍ന്ന് സിംബോളി ഷുഗര്‍ മില്‍ ഗസ്റ്റ്ഹൗസിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

അതേസമയം അനധികൃതമായാണ് കഫീല്‍ ഖാനെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അദീല്‍ അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് കഫീല്‍ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് 79 കുഞ്ഞുങ്ങള്‍ മരണപ്പെടാന്‍ ഇടയാക്കിയതെന്ന് കഫീല്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

ഗോരഖ്പൂരില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കുട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡോ.കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് കഫീല്‍ ഖാന്‍ രംഗത്തെത്തിയതോടെയാണ് യുപി സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ പ്രതികാരനടപടിയുമായി മുന്നോട്ടുപോയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gorakhpurs doctor kafeel khan released on magistrates order after arrest