ലക്‌നൗ: ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ ശിശുരോഗ വിദഗ്ധൻ ഡോ.കഫീൽ ഖാനെ അറസ്റ്റ് ചെയ്തു. സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കഫീൽ ഖാൻ ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെ ഗോരഖ്പുർ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അഴിമതി, കെടുകാര്യസ്ഥത, സ്വകാര്യ പ്രാക്ടീസ് എന്നിവ ചേർത്താണ് അദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുന്നത്.

ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമമാണു ഗോരഖ്പുർ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണത്തിലേക്കു നയിച്ചത്. വാടക നൽകാത്തതിനെ തുടർന്നു വിതരണക്കമ്പനി ആശുപത്രിയിലേക്കാവശ്യമായ സിലിണ്ടറുകൾ നൽകിയിരുന്നില്ല. അതേസമയം, സ്വന്തം കയ്യിൽനിന്നു പണം നൽകി ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിയ കഫീൽ ഖാനെ സസ്പെൻഡ് ചെയ്തതു വിവാദമായിരുന്നു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണിത്. ഔദ്യോഗിക കണക്കനുസരിച്ചു ബിആർഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓഗസ്റ്റിൽ 290 കുട്ടികളുടെ മരണം സംഭവിച്ചിട്ടുണ്ട്. ഇതിൽ 213 കുട്ടികളും നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഈ വർഷം ആകെ 1250 കുട്ടികൾ മരിച്ചെന്നാണ് ആശുപത്രി കണക്ക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ