ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് വക്താവ് അജയ് മാക്കൻ. സംഭവത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ മോദി മാപ്പ് പറയണമെന്നും അജയ് മാക്കൻ ആവശ്യപ്പെട്ടു.

“തുർക്കിയിലും അമേരിക്കയിലുമുണ്ടാകുന്ന ദുരന്തങ്ങളിൽ ദു:ഖം ട്വിറ്ററിലൂടെ അറിയിക്കാൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക് മരിച്ച കുട്ടികളുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ ഒരു വാക്ക് പോലും കിട്ടിയില്ല.”

“സ്വന്തം രാജ്യത്ത് നടന്ന ദുരന്തത്തെ അവഗണിച്ചതിൽ നാളെ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.”

“സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച മൂലമാണ് ഇത്രയും വലിയ ദുരന്തം സംഭവിച്ചത്. 2016 സെപ്തംബറിൽ തന്നെ ഗോരഖ്പൂരിലെ രാഘവ് ദാസ് മെമ്മോറിയൽ ആശുപത്രിയ്ക്കുള്ള ധനസഹായം വെട്ടിക്കുറച്ചതിനെ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു”വെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും മാസങ്ങൾക്കിടെ രണ്ട് വട്ടം ഓക്സിജൻ വിൽക്കുന്നയാൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും കത്തയച്ചിരുന്നുവെന്ന് മാക്കൻ ചൂണ്ടിക്കാട്ടി.

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആരോഗ്യമന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗും രാജിവയ്ക്കണമെന്ന് മാക്കൻ ആവശ്യപ്പെട്ടു.

“മരിച്ച കുട്ടികളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിട്ടില്ല. കുട്ടികളുടെ പോസ്റ്റുമോർട്ടം നടത്തിയില്ല. പോസ്റ്റുമോർട്ടം നടത്തിയിരുന്നെങ്കിൽ മരണകാരണം ഓക്സിജൻ ലഭിക്കാത്തതാണെന്ന് വ്യക്തമായേനെ”, മാക്കൻ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ