ഗൊരഖ്പൂർ: ബിആർഡി മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം തലവനനായ ഡോ കഫീല്‍ ഖാനെ പുറത്താക്കി. ഓക്സിജന്‍ നിലച്ചപ്പോള്‍ സ്വന്തം പണം ചിലവഴിച്ച് കുട്ടികളെ രക്ഷപെടുത്തിയതിന്റെ പേരില്‍ കഫില്‍ ഖാന്‍ പൊതുജനശ്രദ്ധ നേടിയിരുന്നു. നൂറുകണക്കിനു കുട്ടികള്‍ക്കാണ് അദ്ദേഹം സ്വന്തം നിലക്ക് പ്രാണവായു എത്തിച്ചു നല്‍കിയത്. സംസ്ഥാനത്തെ വ്യത്യസ്ത നഴ്‌സിംങ് ഹോമുകളില്‍ നിന്നുമാണ് ഇദ്ദേഹം ഓക്സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിച്ചത്. സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്‍ അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 72 കുഞ്ഞുങ്ങളാണ് ഇവിടെ ഓക്സിജൻ കിട്ടാതെ ഇതിനോടകം പിടഞ്ഞു മരിച്ചത്.
ഇദ്ദേഹത്തെ മാറ്റി പകരം ഡോ. ഭൂപേന്ദ്ര ശര്‍മ്മക്ക് ചാര്‍ജ് നല്‍കിയതായി വാർത്തകൾ. ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം മുടങ്ങിയതതോടെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ ഓടുകയായിരുന്നു ഡോ കഫീല്‍ ഖാന്‍. അദ്ദേഹത്തിന്‍റെ മനസാന്നിധ്യം അന്ന് നിരവധി കുഞ്ഞുങ്ങളുടെ ജീവനാണ് രക്ഷിച്ചത്. നിര്‍ണായക നിമിഷങ്ങളില്‍ കഫീല്‍ ഖാന്‍റെ ഇടപെടലുണ്ടായില്ലായിരുന്നെങ്കില്‍ മരണസംഖ്യ ഇതിലും ഉയര്‍ന്നേനെയെന്നാണ് കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞത്. ആശുപത്രി അധികൃതര്‍ക്കോ ഭരണവര്‍ഗത്തിനോ തോന്നാത്ത ദയയാണ് കഫീല്‍ ഖാന്‍ കാണിച്ചതെന്നും അവര്‍ പറയുകയുണ്ടായി.
ആഗസ്റ്റ് പത്തിന് ആശുപത്രിയിലെ ഓക്സിജന്‍ പൈപ്പില്‍ നിന്ന് അപായ മണി മുഴങ്ങാന്‍ തുടങ്ങിയതോടെ വരാനിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് കഫീല്‍ ഖാന്‍ തിരിച്ചറിയുകയായിരുന്നു. പകച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് മുമ്പില്‍ സമയമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ അദ്ദേഹം ഓക്സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിയെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ കുടിശിക നല്‍കാതെ വിതരണം പുനസ്ഥാക്കില്ലെന്ന പിടിവാശിയില്‍ ഏജന്‍സി ഉറച്ചുനിന്നു. ഇതോടെ മറ്റു ഡോക്ടര്‍മാര്‍ ഭയപ്പാടിലായി. എന്നാല്‍ പ്രതീക്ഷ കൈവിടാന്‍ കഫീല്‍ ഖാന്‍ ഒരുക്കമായിരുന്നില്ല. രണ്ടു ജീവനക്കാരെയും ഒപ്പം വിളിച്ച് അദ്ദേഹം കാറുമായി തന്‍റെ സുഹൃത്തിന്‍റെ സ്വകാര്യ നഴ്‍സിങ് ഹോമിലേക്ക് പറന്നു. മൂന്നു ഓക്സിജന്‍ സിലിണ്ടറുമായാണ് അദ്ദേഹം ബിഡിആര്‍ ആശുപത്രിയിലേക്ക് തിരിച്ചെത്തിയത്. അത് തികയില്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍ വീണ്ടും പോയി 12 ഓക്സിജന്‍ സിലിണ്ടറുകളുമായി തിരിച്ചെത്തി.
അപ്പോഴേക്കും അതുവരെ ഓക്സിജന്‍ വിതരണം ചെയ്തുകൊണ്ടിരുന്ന ഏജന്‍സി പണം തന്നാല്‍ സിലിണ്ടറുകള്‍ എത്തിക്കാമെന്ന് ഉറപ്പുനല്‍കി. പിന്നെയൊന്നും കഫീല്‍ ഖാന് ചിന്തിക്കാനുണ്ടായിരുന്നില്ല. ആശുപത്രി ജീവനക്കാരില്‍ ഒരാളെ വിളിച്ച് അദ്ദേഹം തന്‍റെ എടിഎം കാര്‍ഡ് നല്‍കി. സ്വന്തം പണം നല്‍കിയാണ് അദ്ദേഹം കൂടുതല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചത്. മനസാന്നിധ്യം വെടിയാതെ തക്കസമയത്ത് കാരുണ്യത്തിന്‍റെ പ്രതിരൂപമായി മാറാന്‍ കഫീല്‍ ഖാന് കഴിഞ്ഞപ്പോള്‍ രക്ഷപ്പെട്ടത് നിരവധി ജീവനുകളായിരുന്നു. എന്നാല്‍ ഈ നന്മയ്ക്ക് ഉത്തര്‍ പ്രദേശ് ഭരണകൂടം വിധിച്ച പ്രതിഫലം സസ്പെന്‍ഷനാണ്.