ലഖ്​നൗ:ഖൊരക്​പൂരി​ലെ ശിശു മരണങ്ങളിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘം കൂട്ടമരണങ്ങൾ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മരണങ്ങൾക്ക്​ കാരണം മസ്​തിഷ്​ക ജ്വരമാണെന്ന നിലപാട്​ മുഖ്യമന്ത്രി ആവർത്തിച്ചു. ഓക്​സിജൻ കിട്ടാതെ നിരവധി കുഞ്ഞുങ്ങൾ മരിച്ച ബി.ആർ.ഡി മെഡിക്കൽ കോളജിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥിനോടൊപ്പം കേന്ദ്ര ആരോഗ്യവകുപ്പ്​ മന്ത്രി ജെ.പി നഡ്ഡയും ആശുപ​ത്രി അന്ദർശിച്ചിരുന്നു. അതിനിടെ മരിച്ച കുട്ടികളുടെ എണ്ണം 72 ആയി.

ജപ്പാന്‍ ജ്വരത്തിന്റെ വ്യാപനം നടത്താന്‍ സര്‍ക്കാര്‍ വിവിധ നടപടികള്‍ എടുത്തിരുന്നു. മുഖ്യമന്ത്രി ആയതിനു ശേഷവും ആശുപത്രിക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. യോഗി പറഞ്ഞു. ഉച്ചയോടെയാണ് ഇരുവരും ആശുപത്രിയില്‍ എത്തിയത്. മന്ത്രിമാരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്ഥലപരിമിതി മൂലം വാര്‍ഡുകള്‍ക്ക് പുറത്തും വരാന്തയിലും കിടത്തിയിരുന്ന രോഗികളെയും ബന്ധുക്കളെയും അവിടെനിന്ന് നീക്കി. യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണു ഗോരഖ്പുര്‍. വിവാദ സംഭവം പുറത്താകുന്നതിനു മുന്‍പും യോഗി ആദിത്യനാഥ് ഇവിടം സന്ദര്‍ശിച്ചിരുന്നു.

ഓക്‌സിജന്‍ വിതരണത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനുളളില്‍ 30 പിഞ്ചുകുട്ടികള്‍ ഒന്നൊന്നായി മരണമടഞ്ഞത്. ആറുദിവസത്തിനിടെ ശ്വാസംകിട്ടാതെ ആശുപത്രിയില്‍ പിടഞ്ഞുമരിച്ചത് 72 കുഞ്ഞുങ്ങളാണ്. ഇതില്‍ 17 നവജാത ശിശുക്കളുമുണ്ട്. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും വിതരണകമ്പനിയും എഴുതിയ കത്തുകളും ഇന്നലെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് നിരവധി ഓക്സിജന്‍ സിലിണ്ടറുകള്‍ ഇന്നലെ എത്തിച്ചിരുന്നു. എങ്കിലും ഗുരുതരാവസ്ഥയിലായ കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook