ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്‌പുരിലുള്ള ബാബ രാഘവ്‌ദാസ് സർക്കാർ മെഡിക്കൽ കോളജിൽ പിഞ്ചു കുട്ടികൾ മരിച്ച സംഭവത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ഇത്തരം സംഭവങ്ങൾ ആദ്യമല്ലെന്നും ഇതുപോലെയുളള നിരവധി സംഭവങ്ങൾ ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നത് കോൺഗ്രസ് തമാശയാണെന്നും ഷാ പറഞ്ഞു.
സംസ്ഥാനത്ത് കൃഷ്ണ ജന്മാഷ്ടമി വലിയ രീതിയിൽ ആഘോഷിക്കാൻ അധികൃതർക്ക് നിർദേശം നൽകിയ യോഗി ആദിത്യനാഥിന്റെ നടപടിയെയും ഷാ പിന്തുണച്ചു. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലേതുപോലെ യുപിയിലും ജന്മാഷ്ടമി ആഘോഷങ്ങൾ നടക്കുമെന്ന് അമിത് ഷാ പറഞ്ഞു. കുഞ്ഞുങ്ങൾ മരിച്ച ബാബ രാഘവ്‌ദാസ് സർക്കാർ മെഡിക്കൽ കോളജ് സന്ദർശിച്ചശേഷമായിരുന്നു കൃഷ്ണ ജന്മാഷ്ടമി വളരെ പ്രധാനപ്പെട്ട ആഘോഷമാണെന്നും അത് വിപുലമായി ആഘോഷിക്കണമെന്നും നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് യോഗി ആദിത്യനാഥ് കത്തയച്ചത്.
ബാബ രാഘവ്‌ദാസ് സർക്കാർ മെഡിക്കൽ കോളജിൽ ഓക്‌സിജൻ കിട്ടാതെ ആശുപത്രിയിൽ ഇതുവരെ 70 ലധികം കുട്ടികളാണ് മരിച്ചത്. ചികിൽസയിലായിരുന്ന കുട്ടികളും നവജാതശിശുക്കളും ഉൾപ്പെടെ 30 കുട്ടികളാണ് ഈ മാസം 10 മുതൽ 48 മണിക്കൂറിനിടെ മരിച്ചത്. കഴിഞ്ഞ നാലുമുതൽ ഇതുവരെ ആകെ 72 കുട്ടികൾ മരിച്ചതായാണു കണക്കുകൾ പറയുന്നത്. ഓക്‌സിജൻ വിതരണം ചെയ്‌തിരുന്ന കമ്പനിക്ക് കുടിശിക തുക നൽകാത്തതിനാൽ കമ്പനി ഓക്‌സിജൻ വിതരണം അവസാനിപ്പിച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിനു കാരണമെന്നാണ് ആരോപണം.