ഗൊരഖ്പുർ: ഉത്തർപ്രദേശിലെ ഗൊരഖ്പുർ സർക്കാർ മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭ്യമല്ലാത്തിനെ തുടർന്ന് മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കളെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വീടുകളിലെത്തി സന്ദർശിച്ചു. കുട്ടികളുടെ കൂട്ടമരണത്തിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടികൾക്ക് കരുത്ത് പകരാനായാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. നേരത്തെ ആശുപത്രിയിലും സന്ദർശനം നടത്താൻ ആലോചിച്ചിരുന്നെങ്കിലും പുറത്തുനിന്നുള്ളവർ കുഞ്ഞുങ്ങളുടെ വാർഡുകളിൽ കയറുന്നത് അണുബാധയ്ക്ക് കാരണമാകുമെന്ന വിദഗ്ധരുടെ നിർദ്ദേശത്തെ തുടർന്ന് ഒഴിവാക്കിയിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും രാഹുലിനൊപ്പമുണ്ടായിരുന്നു. അഞ്ചുതവണ തുടര്‍ച്ചയായി ഗോരഖ്പുരില്‍ നിന്ന് എംപിയായിട്ടും മെഡിക്കല്‍ കോളജിനുവേണ്ടി യോഗി ആദിത്യനാഥ് ഒന്നും ചെയ്തിട്ടില്ലെന്ന് ഗുലാംനബി ആസാദ് ആരോപിച്ചു.

ബിആര്‍ഡി ആശുപത്രിയില്‍ സന്ദര്‍ശനം നടത്താനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനീാഥ് രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിക്ക് സന്ദര്‍ശനം നടത്താനുള്ള പിക്‌നിക് കേന്ദ്രമല്ല ഗോരഖ്പുരെന്ന് ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ആശുപത്രി സന്ദര്‍ശിക്കാനുള്ള തീരുമാനം മാറ്റി ദുരന്തത്തിനിരയായവരുടെ വീടുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്താന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതെന്നാണ് വിവരം.

ഓഗസ്റ്റ് ഏഴിന് നിരവധി കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. ഇന്ന് ഒമ്പത് കുട്ടികള്‍ കൂടി മരിച്ചതോടെ ഈ മാസം ഈശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 105 ആയി ഉയര്‍ന്നു. മസ്തിഷ്‌ക ജ്വരം ബാധിച്ചാണ് കൂടുതല്‍ കുട്ടികളും ഇവിടെ മരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook