ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ രാഘവ്ദാസ് മെമ്മോറിയൽ മെഡിക്കൽ കോളേജിൽ കുട്ടികൾ മരിച്ച സംഭവത്തിൽ മുൻ പ്രിൻസിപ്പലും ഭാര്യയും പിടിയിൽ. ഉത്തർപ്രദേശ് പ്രത്യേക ടാസ്ക് ഫോഴ്സാണ് 70 ലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ മുൻ പ്രിൻസിപ്പലിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്.
ഡോക്ടർമാരായ രാജീവ് മിശ്ര, പൂർണ്ണിമ ശുക്ല എന്നിവരാണ് പിടിയിലായത്. കാൻപൂരിൽ നിന്ന് അറസ്റ്റ് ചെയ്ത ഇരുവരെയും പിന്നീട് ഗോരഖ്പൂരിലേക്ക് കൊണ്ടുപോയി.
കുട്ടികൾ കൂട്ടത്തോടെ മരിച്ച സംഭവം നടന്ന ഉടൻ തന്നെ മിശ്രയെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. എന്നാൽ മിശ്ര അന്ന് തന്നെ രാജിക്കത്ത് എഴുതി നൽകി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് രാജീവ് മിശ്രയും ഭാര്യയുമടക്കമുള്ള പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
മെഡിക്കൽ കോളേജ് മുൻ നോഡൽ ഓഫീസറായ ഡോ.ഖഫീൽ ഖാനെതിരെയും എഫ്ഐആറിൽ പരാമർശം ഉണ്ട്.