ഡോ കഫീല്‍ ഖാന്റെ സഹോദരന്‍ കസിഫ് ജമീലിന് നേര്‍ക്ക്‌ മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടു അജ്ഞാതര്‍ വെടി വച്ചു. ഗോരഖ്നാഥ് ക്ഷേത്രത്തിനടുത്ത് വച്ച് ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് വെടിയേറ്റത്. കസിഫ് ജമാലിനെ  ഗോരഖ്പൂറിലെ സ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

34 വയസ്സുകാരനായ ജമീലിന്റെ കൈയ്യിലും കഴുത്തിലും താടിയിലും മൂന്ന് വെടിയേറ്റിട്ടുണ്ട്.  തന്റെ സഹോദരന് വെടിയേറ്റു എന്നും തങ്ങളെ കൊല്ലാന്‍ അവര്‍ ശ്രമിക്കും എന്ന് അറിയാമായിരുന്നു എന്നും ഡോ കഫീല്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.  സഹോദരനെ സി ടി സ്കാന്‍ എടുക്കാന്‍ കൊണ്ട് പോകുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

ജമീലിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് പോലീസ് പറഞ്ഞതായി പി ടി ഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.  ഈ വിഷയത്തില്‍ പരാതികള്‍ ഒന്നും ഇത് വരെ ലഭിച്ചിട്ടില്ല എന്നും കോട്ട്വാലി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഘന്‍ശ്യാം തിവാരി പി ടി ഐയോട് വ്യക്തമാക്കിയിട്ടുണ്ട്.

Dr Kafeel Khan's brother Shot at-hospital report

ഗോരഖ്പൂരിലെ ബി ആര്‍ ഡി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റം ചുമത്തപ്പെട്ട് ജയില്‍ വാസം നയിച്ച ഡോ കഫീല്‍ ഖാന്‍ കഴിഞ്ഞ മാസമാണ് ജയില്‍ മോചിതനായത്.കേരളത്തിനെ പിടിച്ചു കുലുക്കിയ നിപാ പകര്‍ച്ച വ്യാധിയുടെ പാരമ്യത്തില്‍ ഒരു ഡോക്ടര്‍ എന്ന നിലയിലുള്ള തന്റെ സേവനങ്ങള്‍ കേരളത്തിന്‌ നല്‍ക്കാന്‍ താന്‍ സന്നദ്ധനാണ് എന്ന് ഡോ കഫീല്‍ ഖാന്‍ കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ