ലക്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ് പൂരിലെ ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഓക്സിജൻ കിട്ടാതെ നിരവധി കുഞ്ഞുങ്ങൾ ചെറിയ കാലയളവിനുളളിൽ മരിച്ചിരുന്നു. ​ഈ സംഭവവുമായി ബന്ധപ്പെട്ട് 2017 സെപ്റ്റംബർ രണ്ട് മുതൽ ജയിലിലാണ്  മെഡിക്കൽ കോളജിലെ   ഡോക്ടറായ കഫീൽ ഖാൻ. താനും മറ്റുളളവരും ഉന്നത തലത്തിലെ “ഭരണപരമായ വീഴ്ച”കളുടെ ബലിയാടുകളാണെന്ന്  ഡോ.കഫീൽ ഖാൻ പറയുന്നു.

2017 ഓഗസ്റ്റിൽ അവധിയിലായിരുന്ന താൻ ആശുപത്രിയിൽ കുട്ടികളുടെ മരണവാർത്ത അറിഞ്ഞ് ആശുപത്രിയിലേയ്ക്ക് കുതിച്ചെത്തുകയായിരുന്നുവെന്ന് ജയിലിൽ നിന്നും കഫീൽ ഖാൻ എഴുതിയ കത്തിൽ​ പറയുന്നു. ഏപ്രിൽ പതിനെട്ടിനെഴുതിയ കത്ത് ഖാന്റെ ഭാര്യ സബിസ്തയാണ് പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകർക്ക് നൽകിയത്.

ആ ദൗർഭാഗ്യകരമായ രാത്രിയിൽ എനിക്ക് വാട്ട്സാപ്പ് മെസേജ് ലഭിച്ചപ്പോൾ തന്നെ ഒരു ഡോക്ടറെന്ന നിലയിലും അച്ഛനെന്ന നിലയിലും ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലും എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. ലിക്വിഡ് ഓക്സിജൻ പെട്ടെന്ന് നിർത്തലാക്കിയത് മൂലം അപകടത്തിലായ ഓരോ ജീവിതവും രക്ഷിക്കാൻ പരിശ്രമിച്ചുവെന്ന് അദ്ദേഹം കത്തിൽ വെളിപ്പെടുത്തുന്നു.

ഓക്സിജൻ നൽകുന്നതുമായി ബന്ധപ്പെട്ട പുഷ്പാ സെയിൽസ് അവർക്ക് ലഭിക്കേണ്ടുന്ന 68 ലക്ഷം രൂപയ്ക്കായി പതിനാല് റിമൈൻഡറുകൾ അയച്ചിട്ടും നടപടിയെടുക്കാത്ത ഡിഎം ഗോരഖ്‌പൂർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ, ആരോഗ്യ വിദ്യാഭ്യാസ പ്രിൻസിപ്പ​ൽ സെക്രട്ടറി എന്നിവരാണ് ഈ​ സംഭവത്തിൽ കുറ്റക്കാരെന്ന് ഡോക്ടർ ഖാൻ പറയുന്നു. ഇത് പൂർണമായും ഉന്നതങ്ങളിലെ ഭരണപരമായ വീഴ്ചയാണ്. അവർക്ക് ഇതിന്റെ പ്രാധാന്യം മനസിലാകുകയില്ല, സ്വയം രക്ഷപ്പെടുന്നതിനായി അവർ ഞങ്ങളെ ബലിയാടാക്കി, ജയിലഴികൾക്കുളളിലാക്കി.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ആശുപത്രിയിൽ  വന്നതോടെ ജീവിതം തലകീഴായി മറിഞ്ഞുവെന്ന് ഡോക്ടർ പറയുന്നു.

നിങ്ങളാണോ ​ഡോ. കഫീൽ? നിങ്ങളാണോ സിലിണ്ടറുകൾ ഏർപ്പാടാക്കിയത്? അതേ എന്ന് ഞാൻ പറഞ്ഞു. അതോടെ അദ്ദേഹം കുപിതനായി. ഹീറോ ആകാനാണോ സിലിണ്ടറുകൾ ഏർപ്പാടാക്കിയത്. കാണിച്ചുതരാം എന്ന് യോഗി പറഞ്ഞതായി ഡോക്ടർ കത്തിലെഴുതുന്നു. മാധ്യമങ്ങളിൽ ഈ സംഭവത്തെ കുറിച്ച്  വാർത്ത വന്നതിൽ യോഗിജി കോപാകുലനായിരുന്നു. താൻ ഒരു മാധ്യമപ്രവർത്തകരോടും ആ രാത്രി ഈ​ വിവരം പറഞ്ഞിട്ടില്ല, മാത്രമല്ല, ആശുപത്രിയിലെത്തുമ്പോൾ മാധ്യമ പ്രവർത്തകർ ആശുപത്രിയിലെത്തിയിരുന്നുവെന്നും ഡോക്ടർ പറയുന്നു.

തന്നെ കീഴടങ്ങാൻ നിർബന്ധിക്കുന്നതിനായും കുടുംബത്തെ വേട്ടയാടുകയും പീഡിപ്പിക്കയും ചെയ്തതായി ഡോക്ടർ എഴുതുന്നു.

ക്രിമിനൽ ഗൂഢാലോചന, ശിക്ഷാർഹമായ നരഹത്യയ്ക്ക് ശ്രമിക്കുക, പൊതുസേവകൻ എന്ന നിലയിൽ വിശ്വാസം ലംഘിക്കുക എന്നീകുറ്റങ്ങൾ ആരോപിച്ചാണ് പൊലീസ് നവംബർ 2017 ൽ ഡോക്ടർക്കെതിരെ കുറ്റപത്രം നൽകിയത്.

എന്റെ ഭർത്താവ് കുറ്റകൃത്യം ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ ആ അടിയന്തിര ഘട്ടത്തിൽ അദ്ദേഹത്തിന് വീട്ടിൽ നിൽക്കാമായിരുന്നുവെന്ന് ഡോക്ടറുടെ ഭാര്യ സബിസ്താ പറഞ്ഞു. പല സമയങ്ങളിലും അദ്ദേഹം മാസ്കും ഗ്ലൗസും ശുചിയാക്കാനുളള സാധനങ്ങളും ആശുപത്രിയിലേയ്ക്ക് വാങ്ങി നൽകിയിട്ടുണ്ട്. അന്ന് സംഭവിച്ച മരണങ്ങൾ ഭരണപരമായ വീഴ്ചയുടെ ഭാഗമാണ് സബിസ്ത പറഞ്ഞു.

ഡോ.കഫീൽ ഖാനും മറ്റുളളവർക്കും എതിരെയുളള കേസുകളെല്ലാം ജാമ്യം ലഭിക്കുന്നവയാണെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത സൗത്ത് ഏഷ്യ ഹ്യൂമൻ റൈറ്റ്സ് ഡോക്യുമെന്റേഷൻ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ രവിനായർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook