ന്യൂഡൽഹി: അമേരിക്കൻ ഹാക്കറുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അദ്ദേഹത്തിന്റെ അനന്തിരവനും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെയാണ് മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്.

രഹസ്യാന്വേഷണ വിഭാഗമായ റോയോ അല്ലെങ്കിൽ സുപ്രീം കോടതി ജസ്റ്റിസോ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ധനഞ്ജയ് ആവശ്യപ്പെട്ടിരിക്കുന്നത്. 2014 ലെ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനുകളിൽ ക്രമക്കേട് നടന്നുവെന്നും അതറിയാവുന്നത് കൊണ്ടാണ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നുമാണ് തിങ്കളാഴ്ച യുഎസ് ഹാക്കറായ സെയ്ദ് ഷൂജ വെളിപ്പെടുത്തിയത്.

എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നുവെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ് സമ്പത്തിന് വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ഷൂജെ പറഞ്ഞത്.

ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നെന്നും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളിൽ അട്ടിമറിക്ക് ശ്രമമുണ്ടായെന്നുമാണ് ഷൂജെയുടെ വെളിപ്പെടുത്തൽ. ഇതിനായി ഇന്ത്യയിൽ ഒൻപതിടത്ത് സാങ്കേതിക സൗകര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദി ഇന്ത്യ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തോണിലാണ് ഷൂജെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലും ഹാക്കത്തോണിൽ പങ്കെടുത്തിരുന്നു.  ബിജെപിയെ കൂടാതെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളും ഹാക്കിങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നുവെന്നും ഷൂജെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook