പ്ലസ്ടൂക്കാരന് ഗൂഗിളില്‍ ജോലി കിട്ടിയെന്ന വാര്‍ത്ത തള്ളിക്കൊണ്ട് ഗൂഗിള്‍. ഹര്‍ഷിത് ശര്‍മ്മ എന്ന ചണ്ഡിഗഢ് സ്വദേശിക്ക് 1.44 കോടി രൂപ വാര്‍ഷിക വരുമാനത്തില്‍ ജോലി കിട്ടിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ഒരറിവുമില്ലെന്ന് ഗൂഗിള്‍ അറിയിച്ചു.

ഗൂഗിളിന്റെ ഐക്കണ്‍ ഡിസൈനിങ് വിഭാഗത്തില്‍ 1.44 കോടി വാര്‍ഷിക ശമ്പളമുള്ള ജോലി ലഭിച്ചെന്നും ഓഗസ്റ്റ് പകുതിയോടെ ജോലിയില്‍ പ്രവേശിക്കാനായി ഹര്‍ഷിത് അമേരിക്കയിലേക്ക് പോകും എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ വിദ്യാലയത്തില്‍ പന്ത്രണ്ടാം ക്ലാസില്‍ ഐ.ടി മുഖ്യ വിഷയമായെടുത്താണ് ഹര്‍ഷിത് പഠിച്ചത്. പല ജോലികള്‍ക്കായും താന്‍ ഇന്റര്‍നെറ്റില്‍ പരതാറുണ്ടായിരുന്നെന്നും ഗൂഗിളിലെ അവസരം ശ്രദ്ധയില്‍പെട്ടതോടെ കഴിഞ്ഞ മേയില്‍ അപേക്ഷ അയക്കുകയായിരുന്നുവെന്നും ഹര്‍ഷിത് നേരത്തേ പറഞ്ഞിരുന്നു.

‘എന്നെ പോലെ ഒരു സാധാരണക്കാരനായ വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ ജോലി കിട്ടുമെന്നൊന്നും ഒരിക്കലും കരുതിയില്ല. 10 വയസുമുതലാണ് ഡിസൈനിങില്‍ താത്പര്യം തോന്നിത്തുടങ്ങിയത്. ഗൂഗിളില്‍ ജോലി ചെയ്യണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. അന്നു മുതലല്‍ ആരും അറിയാതെ അമ്മാവനില്‍ നിന്ന് പരിശീലനം നേടാന്‍ ആരംഭിച്ചു. ഇതിപ്പോള്‍ ഒരു സ്വപ്നം സത്യമായതു പോലെയാണ്.’ എന്നായിരുന്നു ഹര്‍ഷിതിന്റെ വാക്കുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ