ലൈംഗികാതിക്രമ പരാതികളില്‍ ഗൂഗിളിന്റെ മൃദുസമീപനത്തനെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. ആഗോളവ്യാപകമായി ഗൂഗിളിലെ ജീവനക്കാര്‍ വ്യാഴാഴ്ച്ച പ്രതിഷേധ സൂചകമായി ജോലിയിൽ നിന്നും വിട്ടുനിന്നു. ഓഫിസിലെത്തിയ ജീവനക്കാർ ജോലി ചെയ്യാതെ ഇറങ്ങിപോവുകയായിരുന്നു.

സിനിമ, രാഷ്ട്രീയ, ബിസിനസ് മേഖലകളെ പിടിച്ചു കുലുക്കിയ ലൈംഗികാതിക്രമ പരാതികളുടെ പശ്ചാത്തലത്തിലാണ് ഇന്റർനെറ്റ് ഭീമന്മാരായ ഗൂഗിളിലും സമാന സംഭവങ്ങൾ ഉണ്ടായത്.

ആന്‍ഡ്രോയിഡിന്റെ സൃഷ്ടാവ് ആന്‍ഡി റൂബിനെതിരെ ന്യൂയോര്‍ക്ക് ടൈംസില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഒരു റിപ്പോര്‍ട്ട് വന്നതാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ആന്‍ഡ്രോയിഡ് നിര്‍മ്മാതാവ് ആന്‍ഡി റൂബിന്‍ 2014 ഒക്ടോബറിലാണ് ഗൂഗിള്‍ വിടുന്നത്. എന്നാൽ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നാണ് പിരിച്ചുവിടുന്നതെന്ന കാര്യം ഗൂഗിള്‍ മറച്ചുവെച്ചിരുന്നു. പിരിഞ്ഞ് പോകുമ്പോൾ 90 ദശലക്ഷം ഡോളര്‍ ആന്‍ഡി റൂബിന് നൽകുകയും ചെയ്തിരുന്നു.

ഗൂഗിളിന്റെ സിലിക്കൻ വാലി, ടോക്കിയോ, സിങ്കപ്പൂർ, ലണ്ടൻ, ഡബ്ലിൻ തുടങ്ങിയ ഓഫിസുകളിലെ ജീവനക്കാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖനത്തിൽ ഗൂഗിളിന്റെ അഫിലിയേറ്റ് ലാബ് തലവനായിരുന്ന റിച്ചാർഡ് ഡിവോളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ പരാതികളെ കുറിച്ചും വെളിപ്പെടുത്തലുകൾ ഉണ്ട്. ലൈംഗികാതിക്രമ പരാതികൾ ഉയർന്നെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൂഗിളിന്റെ എക്സ് ലാബിൽ തന്നെ തുടരുകയായിരുന്നു അദ്ദേഹം. എന്നാൽ റിച്ചാർഡ് കഴിഞ്ഞ ചൊവ്വാഴ്ച രാജിവെച്ചതായി കമ്പനി അറിയിച്ചു.

പ്രതിഷേധം ശക്തമായതോടെ എല്ലാ ജീവനക്കാര്‍ക്കും ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചെ ഇമെയില്‍ സന്ദേശം അയക്കുകയും ചെയ്തിരുന്നു. ‘നിങ്ങളുടെ രോഷവും നിരാശയും മനസിലാക്കുന്നു. ഈ വിഷയത്തില്‍ ആവശ്യമായ നടപടികളെടുക്കാന്‍ സ്ഥാപനം ബാധ്യസ്ഥമാണ്. ഗൂഗിളിലും മാറ്റം വരും.’ എന്നായിരുന്നു സുന്ദര്‍പിച്ചെയുടെ മെയിലിലൂടെ ജീവനക്കാരെ അറിയിച്ചത്.

എന്നാൽ ഗൂഗിളിലെ വമ്പന്മാർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഗൂഗിൾ സിഇഒ മൗനം പാലിച്ചു. എന്നാൽ ലൈംഗികാതിക്രമ പരാതികളിൽ 13 സീനിയർ മാനേജർമാരെ ഉൾപ്പടെ 48 ജീവനക്കാരെ പുറത്താക്കിയെന്നും പിച്ചെ അറിയിച്ചു. കൂടുതലായി പണമൊന്നും നല്‍കാതെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടത്

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ