ന്യൂഡൽഹി: ഇന്ത്യൻ ക്ലാസിക്കൽ നൃത്തകലയുടെ മുഖമായിരുന്ന മൃണാളിനി സാരാഭായിയുടെ നൂറാം ജന്മദിനത്തിൽ ആദരമർപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഡൂഡിൽ. മൃണാളിനി സാരാഭായിയെയും അവരുടെ ദർപണ അക്കാദമി ഓഫ് പെർഫോമിങ് ആർട്‌സ് ഓഡിറ്റോറിയത്തെയും ഇന്ത്യൻ ശാസ്ത്രീയ നൃത്തകകലകളെയും ബന്ധിപ്പിച്ചുകൊണ്ടുളളതാണ് ഇന്നത്തെ ഡൂഡിൽ.

കേരളത്തിൽ 1918 മെയ് 11 നാണ് മൃണാളിനി സാരാഭായി ജനിച്ചത്. മദ്രാസ് ഹൈക്കോടതി അഭിഭാഷകനായിരുന്ന എസ്.സ്വാമിനാഥന്റെയും സാമൂഹ്യപ്രവർത്തകയായിരുന്ന എ.വി.അമ്മുക്കുട്ടിയുടെയും മൂന്ന് മക്കളിൽ മൂന്നാമത്തെ മകളായിട്ടായിരുന്നു ജനനം.

പിന്നീട് 1942 ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയെ മൃണാളിനി വിവാഹം കഴിച്ചു.

കഥകളിയും ഭരതനാട്യവും ചെറുപ്രായത്തിൽ തന്നെ പരിശീലിച്ചു തുടങ്ങി മൃണാളിനി. ഇന്ത്യൻ നാഷണൽ ആർമിയുടെ ഭാഗമായിരുന്ന ലക്ഷ്മി സെഹ്‌ഗാൾ, മുൻ മദ്രാസ് സ്റ്റേറ്റ് അറ്റോർണി ജനറൽ ഗോവിന്ദ് സ്വാമിനാഥൻ എന്നിവരാണ് സഹോദരങ്ങൾ.

കേരളം ഏർപ്പെടുത്തിയ നിശാഗന്ധി പുരസ്കാരം ഏറ്റവും ആദ്യം സമ്മാനിച്ചത് 2013 ൽ മൃണാളിനിക്കായിരുന്നു. 1965 ൽ പദ്മശ്രീ ലഭിച്ച ഇവരെ 1992 ൽ പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. 1994 ൽ ഡൽഹിയിലെ സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പും ഇവർക്ക് ലഭിച്ചു. 2016 ൽ 97-ാം വയസിലായിരുന്നു മൃണാളിനി സാരാഭായിയുടെ അന്ത്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ